Zygo-Ad

തീവ്രന്യൂനമർദ്ദം ശക്തിപ്പെടുന്നു; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയും, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതുമാണ് മഴ ശക്തമാകാൻ കാരണം.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ തീവ്രന്യൂനമർദ്ദം ഒഡീഷ തീരത്ത് ബാലസോറിന് സമീപത്തുകൂടി കരയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. ജൂലൈ ഒൻപത് വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടർന്നേക്കും.

മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.


 

വളരെ പുതിയ വളരെ പഴയ