Zygo-Ad

എഐ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്, നിയമലംഘനങ്ങൾക്ക് ഒരുമിച്ച് ചലാൻ വരുമെന്ന് മോട്ടോർ വാഹന വകുപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചുവെന്ന വാർത്തകൾ തള്ളി മോട്ടോർ വാഹന വകുപ്പ്. കെൽട്രോണിന് സർക്കാർ പണം നൽകാത്തതിനെ തുടർന്ന് സേവനം നിർത്തിയെന്ന പ്രചാരണം വ്യാജമാണെന്നും ക്യാമറകൾ കൃത്യമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്നും എംവിഡി വ്യക്തമാക്കി.

നിലവിൽ ഇന്റർനെറ്റ് കണക്ഷൻ തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളുടെ ചലാൻ അയക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എന്നാൽ ഈ ദൃശ്യങ്ങൾ ക്യാമറകളുടെ സെർവറുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. തടസ്സങ്ങൾ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങൾക്ക് കൂട്ടത്തോടെ ചലാൻ അയക്കാനുള്ള സംവിധാനം നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനം നിലച്ചു എന്ന രീതിയിൽ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. എന്നാൽ അവയെല്ലാം പ്രവർത്തിക്കുകയും നിയമലംഘനങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിക്കുന്നതോടെ ഈ ചിത്രങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് എത്തും. ക്യാമറകൾ ഉണ്ടായാലും ഇല്ലെങ്കിലും ജീവന്റെ സുരക്ഷിതത്വത്തിനായി എല്ലാവരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് എംവിഡി ഓർമ്മിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ