ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് വെടിയുതിർത്തതായി സിആർപിഎഫ് അന്വേഷണത്തിൽ കണ്ടെത്തി. കൊണാട്ട് പ്ലേസ് മേഖലയിൽ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥൻ ആകെ ഏഴ് റൗണ്ട് വെടിയുതിർത്തതിൽ അഞ്ചെണ്ണം പ്രതിഷേധക്കാരുടെ ശരീരത്തിലും രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. ലോഗ് എൻട്രികൾ പരിശോധിച്ചാണ് സിആർപിഎഫ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്.
വെടിവെപ്പിൽ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സാഹിൽ ലോചാബ്, ഗുഡ്ഗാവനിൽ ജോലി ചെയ്യുന്ന ഇർഷാദ് ഷെയ്ഖ്, ഔട്ട്ലുക്ക് മാഗസിനിലെ മാധ്യമപ്രവർത്തകൻ എന്നിവരുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സാഹിൽ ലോചാബിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലുള്ള സാഹിൽ ലോചാബിനെ അദ്ദേഹം സന്ദർശിച്ചു. സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം തയാറെടുക്കുന്നതിനിടെയാണ് സിആർപിഎഫിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
