ന്യൂഡല്‍ഹി: റോഡുകള്‍ക്കൊപ്പമുള്ള വ്യക്തമായി അടയാളപ്പെടുത്തിയതും സുരക്ഷിതമായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചു.
മോട്ടോർ വാഹനങ്ങളുടെ സഞ്ചാരാവകാശത്തേക്കാള്‍ മുൻഗണന ഈ അവകാശത്തിനുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് നിർണായകമായ ഈ വിധി പ്രസ്താവിച്ചത്. ഒരു റോഡ് നിർമ്മിക്കപ്പെടുന്നിടത്ത് അതിനൊപ്പമുള്ള നടപ്പാതയും ഒരുക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ നിയമപരമായ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഞ്ച് വയസ്സുകാരനായ ഒരു കുട്ടി പിതാവിനൊപ്പം സ്കൂളിലേക്ക് നടക്കുന്നതിനിടെ ലോറി ഇടിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.
നടക്കുക എന്നത് മനുഷ്യ ജീവിതത്തോട് അഭേദ്യമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനമാണെന്ന് ജസ്റ്റിസ് നരസിംഹ അഭിപ്രായപ്പെട്ടു.
ഭയമോ അപകട സാധ്യതയോ ഇല്ലാതെ നടപ്പാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണ ഘടനയുടെ ആർട്ടിക്കിള്‍ 19(1)(d) പ്രകാരം രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും, അതിന്റെ അവിഭാജ്യ ഘടകമാണ് സുരക്ഷിതമായി നടക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചു.
സാമ്പത്തിക വളർച്ചയും നഗരവത്കരണവും മുന്നില്‍ കണ്ട് കഴിഞ്ഞ വർഷങ്ങളായി സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും വാഹന ഗതാഗതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍, കാല്‍നട യാത്രക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതായി കോടതി വിമർശിച്ചു.
വിശാലമായ റോഡുകളും എക്സ്പ്രസ് ഹൈവേകളും വികസനത്തിന്റെ പ്രതീകങ്ങളായി മാറിയെങ്കിലും, നടപ്പാതകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊതു ഇടങ്ങള്‍ വാഹനങ്ങളുടെ മാത്രം അധീനതയാകരുതെന്നും, കാല്‍നട യാത്രക്കാർക്കും അവകാശപ്പെട്ട ഇടം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുക എന്നത് നഗരസഭകളുടെയും മറ്റ് പ്രാദേശിക ഭരണകൂടങ്ങളുടെയും ഏറ്റവും അടിസ്ഥാന ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ ചരിത്രത്തില്‍ നടത്തത്തിന് വലിയ സ്ഥാനമുണ്ടെന്ന് വിധിയില്‍ പരാമർശിക്കുന്നു. സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കും സ്വാതന്ത്ര്യ സമരത്തിനും നടത്തം ശക്തമായ ഉപാധിയായിരുന്നുവെന്നും കോടതി ഓർമ്മിപ്പിച്ചു.
നടക്കാനുള്ള അവകാശം സഞ്ചാര സ്വാതന്ത്ര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
1988-ലെ മോട്ടോർ വാഹന നിയമത്തെ വിമർശിച്ച കോടതി, നിയമം പ്രധാനമായും വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെന്നും കാല്‍നട യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
കാല്‍നട യാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കോടതി മുന്നോട്ടു വച്ചു.
അവകാശ ലംഘനങ്ങള്‍ക്കെതിരെ വേഗത്തില്‍ പരിഹാരം ലഭ്യമാക്കുകയും നടപ്പാതകളുടെ പദ്ധതിയിടലും പരിപാലനവും ഉറപ്പാക്കുകയും ചെയ്യുന്ന പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
വിധിയുടെ പകർപ്പ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം എന്നിവയ്ക്ക് കൈമാറാൻ കോടതി രജിസ്ട്രിക്ക് നിർദേശം നല്‍കി. നടപ്പാത അവകാശം സംരക്ഷിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുന്ന കാര്യം പരിശോധിക്കാൻ ലോ കമ്മീഷനോടും കോടതി അഭ്യർത്ഥിച്ചു.
കേസില്‍ മരിച്ച കുട്ടിയുടെ പിതാവിന് 11 ലക്ഷം രൂപയില്‍ അധികം നഷ്ട പരിഹാരം അനുവദിച്ച കോടതി, മകനെ സ്കൂളില്‍ എത്തിക്കാൻ വീട്ടില്‍ നിന്നിറങ്ങിയ ഒരു പിതാവിന്റെ അവസാന യാത്രയായി അത് മാറിയതിന്റെ വേദനയും വിധിയില്‍ രേഖപ്പെടുത്തി.
കാല്‍നട യാത്രക്കാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കേണ്ടത് ഭരണ കൂടത്തിന്റെയും കോടതികളുടെയും ഉത്തരവാദിത്വമാണെന്നും, നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണെന്നും സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി.
