Zygo-Ad

കേരള ബജറ്റ് 2026: സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ പകുതി ഇളവ്; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചു

 


തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഗതാഗത മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയിലായ പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

അന്തർസംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിനും കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ആകർഷിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുത്തനെ കുറച്ചിട്ടുണ്ട്. സീറ്റ് ഒന്നിന് നിലവിലുണ്ടായിരുന്ന 2000 രൂപ 900 രൂപയായും, സ്ലീപ്പർ സീറ്റുകൾക്ക് 3000 രൂപ എന്നത് 1500 രൂപയായുമാണ് കുറച്ചത്. 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലറുകളുടെ അധിക നികുതി ഒഴിവാക്കി, 15 ടണ്ണിന് മുകളിലുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് ഏകീകരിക്കുകയും ചെയ്തു.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ നികുതി ഇളവുകളാണ് ബജറ്റിലുള്ളത്. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായും, 15 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയുള്ളവരുടേത് 8 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു. എന്നാൽ ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങളെ ലക്ഷ്യമിട്ട് 40 ലക്ഷത്തിന് മുകളിൽ വിലയുള്ളവയുടെ നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ വില പരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തിയതും ശ്രദ്ധേയമായി. ഇ-ചെല്ലാൻ ആംനസ്റ്റി പദ്ധതി വഴി 50 ശതമാനം പിഴയടച്ച് പഴയ ചെല്ലാനുകൾ തീർപ്പാക്കാനും അവസരമുണ്ടാകും.

രജിസ്ട്രേഷൻ വകുപ്പിൽ 1987 മുതൽ 2023 വരെയുള്ള 703 കോടി രൂപയുടെ മുദ്രവില അണ്ടർവാലുവേഷൻ കേസുകൾ തീർപ്പാക്കാൻ വൺ ടൈം സെറ്റിൽമെന്റ് സ്കീം നടപ്പിലാക്കും. 2010 മാർച്ച് 31 വരെയുള്ള കേസുകളിൽ 10,000 രൂപയിൽ താഴെയുള്ള ബാധ്യതകൾ പൂർണ്ണമായും എഴുതിത്തള്ളും. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്റററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത വില്ലകൾക്ക് ഇനി മുതൽ ഫ്ലാറ്റുകൾക്ക് സമാനമായ മുദ്രവില ആനുകൂല്യം ലഭിക്കും. വികസനം എന്നത് കേവലം പശ്ചാത്തല സൗകര്യങ്ങൾക്കപ്പുറം ജനങ്ങളോടുള്ള കരുതലും സാമൂഹ്യനീതിയും അധിഷ്ഠിതമായ ഭരണമാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ