Zygo-Ad

കേരള ബജറ്റ് 2026: ഹരിപ്പാടും തിരുവനന്തപുരത്തും പുതിയ മെഡിക്കൽ കോളജുകൾ; ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു


തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് പുതുതായി രണ്ട് മെഡിക്കൽ കോളജുകൾ കൂടി സ്ഥാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജുമാണ് സ്ഥാപിക്കുക. നിലവിലുള്ള കാസർകോട്, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

പാവപ്പെട്ട കുട്ടികളുടെ ചികിത്സ ഉറപ്പാക്കുന്നതിനായി 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കും. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി 'ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.

ആരോഗ്യ സംരക്ഷണ രംഗത്ത് മറ്റൊരു നിർണായക പ്രഖ്യാപനമായി 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ സൗജന്യ ആരോഗ്യ പരിശോധന നടത്തുന്നതിനായി പുതിയ പദ്ധതിയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള മിഠായി പദ്ധതി കാലോചിതമായി പരിഷ്കരിക്കും. ക്യാമ്പസുകളെ 'ഗേൾസ് ഫ്രണ്ട്ലി' ആക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകൾ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപ മാറ്റിവെച്ച ബജറ്റിൽ, ഇൻസുലിൻ പമ്പ് തദ്ദേശീയമായി നിർമ്മിക്കുന്നതിനുള്ള സഹായം നൽകുമെന്നും പ്രഖ്യാപനമുണ്ട്.


വളരെ പുതിയ വളരെ പഴയ