Zygo-Ad

പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഡ്രൈ ഡേ


 തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്കൂളുകളിൽ ആചരിക്കും. സ്കൂളുകൾക്ക് പുറമെ ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും കളക്ടർമാരുമായും ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചത്.

ഇത്തവണ തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ പോരായ്മകൾ സംഭവിച്ചതായി ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രോഗവ്യാപനം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികളിലേക്ക് സർക്കാർ കടന്നത്.

സംസ്ഥാനത്ത് ഷിഗെല്ല, ഡെങ്കിപ്പനി കേസുകൾ കുത്തനെ ഉയരുകയാണ്. ഇതിനിടെ തിരുവനന്തപുരത്ത് കിളിമാനൂർ സ്വദേശിയായ 43 കാരന് എം പോക്സും സ്ഥിരീകരിച്ചു. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ എം പോക്സ് കേസാണിത്. കൂടാതെ വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം 68 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുകയും, ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.

 

വളരെ പുതിയ വളരെ പഴയ