Zygo-Ad

പ്രണയപ്പകയില്‍ വിറങ്ങലിച്ച് കേരളം: 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെ


തിരുവനന്തപുരം: തിരുവനന്തപുരത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്.

കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിക്കാണ് കുത്തേറ്റത്. 

പനവൂർ സ്വദേശി സഹദ് (21) ആണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ച്‌ കത്തികൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് സഹദ് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.

കാറിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി കാത്തിരുന്നു. വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്‌ പ്രതി കുത്തിവീഴ്ത്തി. 

സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അമിതവേഗതയില്‍ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കഴുത്തിന് പിറകിലെ കുത്ത് ആഴത്തിലുള്ളതാണെന്നാണ് വിവരം. പ്രദേശത്ത് പിടിവലി കൂടിയതിന്റെ ലക്ഷണങ്ങളുമുണ്ട്. കുത്തേറ്റ് പെണ്‍കുട്ടി അലറിക്കരഞ്ഞു. 

കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെണ്‍കുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരിന്നു. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥവത്ത് നിന്നും രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ