Zygo-Ad

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കനത്ത പ്രതിസന്ധിയിൽ; മഴയുടെ അളവിൽ 64 ശതമാനം കുറവ്


 ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം കനത്ത രീതിയിൽ ദുർബലമായതായി കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ ആദ്യവാരങ്ങളിൽ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ഇത്തവണ പെയ്തിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ നാല് മുതൽ 15 വരെയുള്ള കാലയളവിൽ രാജ്യത്ത് പെയ്യേണ്ട മഴയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണഗതിയിൽ ഈ സമയങ്ങളിൽ രാജ്യത്ത് ലഭിക്കേണ്ടത് 53.7 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇത്തവണ 19.2 മില്ലീമീറ്റർ മഴ മാത്രമാണ് ഈ ദിവസങ്ങളിൽ പെയ്തത്. ഇത് സാധാരണ ലഭിക്കേണ്ട ആകെ മഴയുടെ അളവിൽ നിന്നും 64 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. ജൂൺ 15ന് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകർത്തിയ ചിത്രങ്ങളിലും മൺസൂണിന്റെ ഈ ദൗർലഭ്യം വ്യക്തമായി കാണാം. സജീവമായ കാലവർഷ സമയങ്ങളിൽ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണം ഇത്തവണ ദൃശ്യമല്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളില്ലാത്ത അവസ്ഥയിലാണ്.

നിലവിൽ ഹിമാലയൻ പ്രദേശം, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് കാര്യമായ മേഘസാന്നിധ്യമുള്ളത്. അതേസമയം അറബിക്കടൽ വഴിയുള്ള കാലവർഷ പാതയും വളരെ ദുർബലമാണ്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നുവെങ്കിലും മഴ വളരെ കുറവായിരുന്നു. എന്നാൽ ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റം വരുമെന്നും മഴ ക്രമേണ മെച്ചപ്പെടുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രതീക്ഷ.


വളരെ പുതിയ വളരെ പഴയ