തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പശ്ചാത്തലത്തിൽ, സ്വകാര്യ ബസ് മേഖലയ്ക്ക് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകൾ രംഗത്ത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ മുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ തൃശൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകണം. ഒന്നെങ്കിൽ സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണം. ഡ്രൈവറെ ബസ് ഉടമ നിയമിക്കുമ്പോൾ കണ്ടക്ടറെ സർക്കാരിന് നിയമിക്കാം. കിലോമീറ്ററിന് 55 രൂപ നിരക്കിൽ സർക്കാർ തുക അനുവദിച്ചാൽ കളക്ഷൻ പൂർണ്ണമായും സർക്കാരിലേക്ക് നൽകാൻ തയ്യാറാണ്. അതല്ലെങ്കിൽ സ്ത്രീകൾക്ക് സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കാം, പകരം അതിന്റെ തുക സർക്കാർ നൽകണം. ഈ ആവശ്യങ്ങൾ പ്രായോഗികമല്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ ലഭ്യമാക്കുകയോ റോഡ് ടാക്സ് പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയിലെ വനിതാ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. സംസ്ഥാന ബജറ്റിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കും. അതിലും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ജൂലൈ മാസം മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗത്തിന്റെ തീരുമാനം.
