Zygo-Ad

ഫിഫ ലോകകപ്പ് 2026: ബോസ്നിയയെ തകർത്ത് സ്വിറ്റ്സർലൻഡ്; ഖത്തറിനെതിരെ കാനഡയ്ക്ക് ഗോൾമഴ

 


ഫിഫ ലോകകപ്പിൽ തകർപ്പൻ ജയവുമായി സ്വിറ്റ്സർലൻഡും കാനഡയും മുന്നോട്ട്. ലൊസാഞ്ചലസിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വിറ്റ്സർലൻഡ് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ 73 മിനിറ്റുകൾ വരെ ഗോൾരഹിതമായിരുന്ന പോരാട്ടത്തിന്റെ അവസാന 17 മിനിറ്റിലാണ് 5 ഗോളുകൾ പിറന്നത്. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോൾ നേടിയ ഇരുപതുകാരൻ ജൊൺ മൻസാംബിയാണ് സ്വിസ് പടയുടെ വിജയശില്പി. റൂബൻ വർഗാസ്, ഗ്രനിത് ഷാക എന്നിവരും സ്വിറ്റ്സർലൻഡിനായി വലചലിപ്പിച്ചു. മത്സരത്തിന്റെ എൺപതാം മിനിറ്റിൽ താരിക് മഹ്രോംവിച് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ബോസ്നിയയ്ക്ക് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ എർമിൻ മാഹ്മിക് ബോസ്നിയയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ 4 പോയിന്റുമായി മുന്നിലെത്തി.

മറ്റൊരു മത്സരത്തിൽ കാനഡ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു തരിപ്പണമാക്കി. കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് ഹാട്രിക് നേടി തിളങ്ങിയപ്പോൾ കൈൽ ലാറിൻ, നതാൻ സാലിബ എന്നിവരും ലക്ഷ്യം കണ്ടു. ഖത്തർ താരം മുഹമ്മദ് മനാനിയുടെ സെൽഫ് ഗോളും കാനഡയുടെ അക്കൗണ്ടിലെത്തി. ഖത്തറിന്റെ കടുത്ത ഫൗളുകൾ നിറഞ്ഞ മത്സരത്തിൽ അവരുടെ രണ്ട് താരങ്ങളാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. മുപ്പത്തിമൂന്നാം മിനിറ്റിൽ ഹൊമാം അഹമ്മദും അമ്പത്തിമൂന്നാം മിനിറ്റിൽ അസിം മാഡിബോയും ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. മത്സരത്തിലുടനീളം കാനഡയുടെ പൂർണ്ണ ആധിപത്യമാണ് പ്രകടമായത്. ഈ വിജയത്തോടെ കാനഡ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി.

 

വളരെ പുതിയ വളരെ പഴയ