തിരുവനന്തപുരം: ഇന്ദിരാ ഗ്യാരന്റികൾ ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനങ്ങളോടെ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർധന, കോളേജ് വിദ്യാർഥിനികൾക്കുള്ള ധനസഹായം, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവസംരംഭകർക്ക് പലിശരഹിത വായ്പ തുടങ്ങിയ വിപ്ലവകരമായ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ എങ്ങനെ പണം കണ്ടെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് ഖജനാവിനെ പ്രതിസന്ധിയിലാക്കിയിരുന്നു. റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ പ്രതീക്ഷിച്ച തുകയും കേന്ദ്ര നികുതി വിഹിതവും കുറഞ്ഞതോടെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ ബജറ്റ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ജനങ്ങൾക്ക് അധിക ഭാരം നൽകാതെ നികുതി, നികുതിയേതര വരുമാനങ്ങൾ വർധിപ്പിക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജിഎസ്ടി വെട്ടിപ്പ് തടയാനുള്ള ശക്തമായ നടപടികൾ ബജറ്റിലുണ്ടാകും.
അതേസമയം, കടുത്ത സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക വിതരണവും ശമ്പള പരിഷ്കരണവും നീട്ടിവെക്കാനുള്ള സാധ്യതയുമുണ്ട്. മുൻ സർക്കാർ പ്രഖ്യാപിച്ച ഡിഎ കുടിശികയുടെ ആദ്യ ഗഡു ഉത്തരവ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. കിഫ്ബിയുടെ ഘടന അടിമുടി പൊളിച്ചെഴുതാനും അതിന്റെ പൂർണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകും. അതിവേഗ റെയിൽപാത, തുറമുഖങ്ങളെ യോജിപ്പിച്ചുള്ള വികസന പദ്ധതികൾ എന്നിവയും ബജറ്റിന്റെ ഭാഗമായേക്കും.
ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും വി.ഡി. സതീശൻ. മുഖ്യമന്ത്രി പദത്തിലിരിക്കെ ആർ. ശങ്കർ 1963-64 വർഷങ്ങളിലെ ബജറ്റും, ഉമ്മൻചാണ്ടി 2016-17 വർഷത്തെ ബജറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഇടതുപക്ഷത്തുനിന്ന് സി. അച്യുതമേനോനും ഇ.കെ. നായനാരും മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ചരിത്രമുണ്ട്. വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളക്കര.
