Zygo-Ad

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരിയെ ബിസ്ക്കറ്റ് നല്‍കി പ്രലോഭിപ്പിച്ച്‌ ആളൊഴിഞ്ഞ പൊന്തക്കാട്ടിലിട്ട് ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി: ബിഹാര്‍ സ്വദേശി അറസ്റ്റില്‍


ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയില്‍ നടന്ന സംഭവത്തില്‍ ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിരയായ പെണ്‍കുട്ടിയുടെ കുടുംബവും ബിഹാറില്‍ നിന്നുള്ളവരും ഈ പ്രദേശത്ത് സ്ഥിര താമസമാക്കിയവരുമാണ്. കഴിഞ്ഞ ദിവസം വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നല്‍കി പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ വച്ച്‌ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടിയെ കാണാതെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലില്‍, വിജനമായ സ്ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങി.

അതേസമയം പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസിനു കൈമാറി. സംഭവത്തില്‍ വൻ ജനരോഷം പ്രദേശത്ത് അലയടിക്കുന്നുണ്ട്. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. 

എന്നാല്‍ ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാള്‍ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നും പോലീസ് പറയുന്നു. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 

മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം പ്രധാന ചർച്ചയായിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

അടുത്തിടെ നടന്ന പല അതിക്രമങ്ങളിലും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകർക്കോ ഭാരവാഹികള്‍ക്കോ പങ്കുണ്ടെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം വനിതാ കോണ്‍സ്റ്റബിളും കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

വളരെ പുതിയ വളരെ പഴയ