തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ബംഗാളിലേക്കും അസമിലേക്കും പോയ ഭായിമാർ തിരിച്ചെത്താതിരുന്നത് ഹോട്ടല്‍, നിർമ്മാണ മേഖലകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു.
ഹോട്ടലുകള്‍ പലതും തൊഴിലാളികളില്ലാത്തതോടെ അടച്ചു പൂട്ടി. അങ്ങനെയിരിക്കെ, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭായിമാർ. എന്നാല്‍ മടങ്ങിയെത്തിയ ഭായിമാർ ശരിക്കുമുള്ള 'അടവ്' പുറത്തെടുത്തിരിക്കുകയാണ്.
തിരിച്ചെത്തിയ ഒട്ടുമിക്ക അതിഥി തൊഴിലാളികളും ദിവസക്കൂലി ആയിരത്തിന് മുകളില്‍ ചോദിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടല്‍, നിർമ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലായി.
ആയിരത്തിന് മുകളില്‍ കൂലി കിട്ടിയില്ലെങ്കില്‍ മറ്റ് ജോലികള്‍ക്ക് പോകുമെന്നാണ് തൊഴിലാളികളുടെ നിലപാട്. ഇങ്ങനെയാണെങ്കില്‍ മറ്റ് എന്ത് മാർഗം സ്വീകരിക്കുമെന്നാണ് ചെറുകിട ഹോട്ടലുകളും നിർമ്മാണ കരാറുകാരും ആലോചിക്കുന്നത്.
നിർമ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന മേസ്തിരിക്ക് 1000 രൂപയാണ് കൂലി. സഹായിക്ക് 900 രൂപയാണ് കൂലി. ചില മേഖലകളില്‍ മേസ്തിരിക്ക് 1100 രൂപയും സഹായിക്ക് 1000 രൂപയും നല്‍കുന്നുണ്ട്. എന്നാല്‍ മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്നാണ് ചില തൊഴിലാളികള്‍.
ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചപ്പോള്‍ തങ്ങളുടെ കൂലിയും വർദ്ധിക്കണമെന്നാണ് ഈ മേഖലയിലെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹോട്ടല്‍ മേഖലയില്‍ വലിയ പ്രതിസന്ധി രൂക്ഷമായതോടെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
