Zygo-Ad

നിഷ്ക്രിയ സഹകരണ അക്കൗണ്ടുകളിലെ തുക ഗാരന്റി ഫണ്ടിലേക്ക് മാറ്റാൻ നിർദേശം


 തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും മറ്റ് സഹകരണ സ്ഥാപനങ്ങളിലും പത്ത് വർഷമായി യാതൊരുവിധ ഇടപാടുകളും നടത്താതെ കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാൻ സഹകരണ വകുപ്പ് നിർദേശം നൽകി. റിസർവ് ബാങ്ക് നിലവിൽ പിന്തുടരുന്ന അതേ മാതൃകയാണ് ഇപ്പോൾ സംസ്ഥാന സഹകരണ വകുപ്പും നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഇത്തരത്തിൽ പത്ത് വർഷമായി നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകൾ കണ്ടെത്തി, അവയിലെ നിക്ഷേപത്തുക മൂന്ന് മാസത്തിനകം ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റണമെന്നാണ് സഹകരണ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ തുക ബോർഡിലേക്ക് മാറ്റിയാലും അക്കൗണ്ട് ഉടമയ്ക്കോ അവരുടെ നിയമപരമായ അവകാശികൾക്കോ പണം നഷ്ടമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഭാവിയിൽ എപ്പോഴെങ്കിലും അക്കൗണ്ട് ഉടമയോ അവകാശിയോ പണം ആവശ്യപ്പെട്ട് എത്തിയാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനം തന്നെ അവർക്ക് തുക നൽകും. അതിനുശേഷം ഈ തുക ഗാരന്റി ഫണ്ട് ബോർഡിൽ നിന്ന് തിരിച്ചുപറ്റാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാവുകയോ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സാധാരണക്കാരായ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് പ്രവർത്തിക്കുന്നത്. നിലവിൽ നിക്ഷേപകർക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ഉറപ്പാക്കുന്ന സംവിധാനമാണിത്. എല്ലാ സഹകരണ സംഘങ്ങളും ഈ ഫണ്ടിൽ അംഗങ്ങളാകണമെന്നാണ് വ്യവസ്ഥ. നിലവിലുള്ള അംഗങ്ങൾ ഓരോ വർഷവും തങ്ങൾക്ക് ലഭിക്കുന്ന അധിക നിക്ഷേപത്തിന്റെ 0.12 ശതമാനവും പുതുതായി അംഗമാകുന്ന സ്ഥാപനങ്ങൾ അവരുടെ മൊത്തം നിക്ഷേപത്തിന്റെ 0.10 ശതമാനവും ഗാരന്റി വിഹിതമായി അടയ്ക്കേണ്ടതുണ്ട്.



വളരെ പുതിയ വളരെ പഴയ