മലപ്പുറം:കൊണ്ടോട്ടി വലിയപറമ്പിൽ നടുറോഡിൽ പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞു നടന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്. ഈ സമയം റോഡിലൂടെ കടന്നുപോയ 'സഫ മർവ' എന്ന സ്വകാര്യ ബസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
റോഡിന് നടുവിൽ കുഞ്ഞ് ഇരിക്കുന്നത് കണ്ട് ബസ് ഡ്രൈവർ രാമചന്ദ്രൻ പെട്ടെന്ന് തന്നെ വണ്ടി നിർത്തി. തുടർന്ന് കണ്ടക്ടർ നവാസ് ഓടിയിറങ്ങി കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. കുട്ടി വീട്ടിൽ നിന്നും മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തിയതാണെന്നാണ് കരുതുന്നത്. ബസിലെ സിസിടിവി ക്യാമറയിലാണ് ഈ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ സുരക്ഷിതമായി രക്ഷപെടുത്തിയ ബസ് ജീവനക്കാർക്ക് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
