Zygo-Ad

അപകടത്തിൽ പെട്ട് യുവതിയുടെ വസ്ത്രം കീറിപ്പറിഞ്ഞു; സ്വന്തം ഉടുമുണ്ട് അഴിച്ചു നൽകി രക്ഷകനായി ചായ വിൽപ്പനക്കാരൻ; തൃപ്പൂണിത്തുറയിൽ കൈയടി നേടി ഷാജി


തൃപ്പൂണിത്തുറ: റോഡപകടത്തിൽ പെട്ട് വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പോയ യുവതിക്ക് തുണയായി സ്വന്തം ഉടുമുണ്ട് അഴിച്ചു നൽകി ചായ വിൽപ്പനക്കാരൻ.

 തൃപ്പൂണിത്തുറ കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് ദുരന്തമുഖത്ത് മാതൃകയായത്. ഇന്നലെ ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

കടകളിൽ ചായ വിതരണം ചെയ്യുന്നതിനായി സൈക്കിളിൽ എത്തിയതായിരുന്നു ഷാജി. ഈ സമയത്താണ് ഒരു പ്രൈവറ്റ് ബസിൻ്റെ മുൻചക്രത്തിനടിയിലേക്ക് യുവതി വീണത്.

 ബസിനടിയിൽ പെട്ട യുവതി റോഡിലൂടെ മീറ്ററുകളോളം നിരങ്ങി നീങ്ങുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകൾ പെട്ടെന്ന് തന്നെ ഓടിയെത്തുകയും ബസ് പിന്നോട്ട് എടുപ്പിച്ച് യുവതിയെ ബസിനടിയിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു.

എന്നാൽ, റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ടതിനെ തുടർന്ന് യുവതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൂർണ്ണമായും കീറിപ്പറിഞ്ഞ നിലയിലായിരുന്നു. 

പരിക്കേറ്റ യുവതിയെ ആളുകൾ എഴുന്നേൽപ്പിച്ച ഉടൻ തന്നെ, മറ്റൊന്നും ആലോചിക്കാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ച് യുവതിക്ക് നൽകുകയായിരുന്നു. മാനവികതയുടെയും നന്മയുടെയും ഈ വലിയ സന്ദേശത്തിന് സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും വലിയ കൈയടിയാണ് ഷാജിക്ക് ലഭിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ