തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം തീരുമാനിച്ചതായും കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടികളെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും. പിഎം ശ്രീ പദ്ധതിയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി ഡി സതീശൻ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രി ആയിരിക്കെ നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് വി ഡി സതീശൻ പറഞ്ഞു. അന്ന് ഒന്നും പിണറായി മിണ്ടിയില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെഎസ്ആർടിസിയുടെ ഒറ്റ ഓർഡിനറി ബസ് പോലും സിറ്റി ബസ് ആക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാഫിർ സ്ക്രീൻ ഷോട്ട് കേസിലും സിപിഎമ്മിനെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ തുടരാൻ നിർബന്ധിതരായെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിൽ അത് വസ്തുതാവിരുദ്ധമാണ്. മുൻ സർക്കാർ എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി
