Zygo-Ad

കെഎസ്ആർടിസി സീറോ ടിക്കറ്റുകൾ സൂക്ഷിക്കാം., സമ്മാനങ്ങൾ നേടാം.. ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു

 


കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി നൽകുന്ന സൗജന്യ യാത്രാ ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് സമ്മാനങ്ങൾ നേടിക്കൊടുത്തേക്കാം. സീറോ ടിക്കറ്റുകൾ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾക്ക് അർഹമാക്കുന്ന പുതിയ പദ്ധതിയാണ് ഗതാഗത വകുപ്പിന്റെ ആലോചനയിലുള്ളത്. ഇതോടെ സൌജന്യ യാത്രയ്ക്ക് ലഭിക്കുന്ന ടിക്കറ്റുകൾ കളയാതെ സൂക്ഷിച്ചുവെക്കാൻ യാത്രക്കാർക്ക് അവസരമൊരുങ്ങുകയാണ്.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ടിക്കറ്റുകൾ കളയാതെ സൂക്ഷിക്കണമെന്ന് ഗതാഗത മന്ത്രി സി പി ജോൺ നിർദേശിച്ചതിന് പിന്നിലും ഈ ആശയമാണെന്നാണ് വിവരം. ടിക്കറ്റിലെ നമ്പറുകൾ അടിസ്ഥാനമാക്കി നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകുന്ന രീതിയാണ് പരിഗണിക്കുന്നത്.

അതേസമയം ഈ പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് അധിക വരുമാനം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. നിലവിൽ ഒരു ടിക്കറ്റ് അച്ചടിക്കാൻ ടിക്കറ്റ് മെഷീനിലെ പേപ്പർ റോൾ ഉൾപ്പെടെ ഏകദേശം 13 പൈസ ചെലവാകുന്നുണ്ട്. ഈ ചെലവ് നികത്തുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി ടിക്കറ്റിന്റെ പിൻഭാഗത്ത് പരസ്യങ്ങൾ അച്ചടിക്കാനാണ് കെഎസ്ആർടിസി തീരുമാനം.

പരസ്യദാതാക്കൾ തന്നെയായിരിക്കും സമ്മാന പദ്ധതിയുടെ സ്പോൺസർമാരാകുക എന്ന തരത്തിലാണ് ആലോചനകൾ നടക്കുന്നത്. ടിക്കറ്റുകൾ യാത്രക്കാർ സൂക്ഷിച്ചുവയ്ക്കുന്നതിലൂടെ പരസ്യങ്ങളും വീടുകളിലേക്ക് എത്തുമെന്നതിനാൽ ഇത് പരസ്യദാതാക്കൾക്കും പ്രയോജനകരമാകും. ഇതിനായി കെഎസ്ആർടിസി ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. സൗജന്യ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം കെഎസ്ആർടിസിക്ക് അധിക വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള നീക്കമായാണ് പുതിയ സമ്മാന പദ്ധതി വിലയിരുത്തപ്പെടുന്നത്



വളരെ പുതിയ വളരെ പഴയ