Zygo-Ad

'പുതിയ അണക്കെട്ട് നിര്‍മിക്കാൻ അനുവദിക്കില്ല': മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വിമർശിച്ച് വിജയ്


ചെന്നൈ: തമിഴ്നാട്ടില്‍ വിജയ്‌യുടെ നേതൃത്വത്തില്‍ ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തിന് വിമർശനം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ടിവികെ സർക്കാർ കേരളത്തിനെതിരെ പ്രതികരിച്ചത്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും ടിവികെ സർക്കാർ വ്യക്തമാക്കി. 

കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിർക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ തമിഴ്നാട് മുന്നോട്ടുവച്ചത്. 

കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്നാട് സര്‍ക്കാരുമായി തന്റെ ഭരണകൂടം 'ദ്വിപക്ഷ ചര്‍ച്ചകള്‍' നടത്തുമെന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് വിജയ് യുടെ നിലപാട് വന്നിരിക്കുന്നത്. 

'മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പുറമെ മറ്റ് പല വിഷയങ്ങളിലും എനിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ടതുണ്ടെന്നും അതിനായി കൂടിക്കാഴ്ച നടത്തുമെന്ന് കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് ചര്‍ച്ചകള്‍ കഴിഞ്ഞ് അത് പാസാക്കിയതിന് ശേഷമായിരിക്കും ഇതെല്ലാം നടക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1895-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത്. അണക്കെട്ട് 'പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന്' തമിഴ്നാട് വാദിക്കുമ്പോള്‍, നിലവിലുള്ള ഘടനയ്ക്ക് സമീപം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യത്തില്‍ കേരളം ശക്തമായി ഉറച്ചു നില്‍ക്കുകയാണ്.

 കേരളവും അയല്‍ സംസ്ഥാനമായ തമിഴ്നാടും തമ്മിലുള്ള 125 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ കരാര്‍.

നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി ആദ്യം തമിഴ് തായ് വാഴ്ത്തുക്കളും പിന്നാലെ ദേശീയഗാനവും ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് പൂർണമായും ഒഴിവാക്കി.

 തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പുതിയ അംഗങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകളും നയപ്രഖ്യാപനത്തില്‍ ഗവർണർ പരാമർശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് തമിഴ്നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ലെന്നും കുറ്റകൃത്യങ്ങള്‍ പെരുകാൻ കാരണം ഇതാണെന്നും പറഞ്ഞ ഗവർണർ ഡിഎംകെയെ ശക്തമായ ഭാഷയില്‍ വിമർശിച്ചു. കേന്ദ്രത്തിനെതിരായ വിമർശനവും വായിച്ച ഗവർണർ ദ്വിഭാഷനയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ