Zygo-Ad

ആകാശ് തില്ലങ്കേരി മികച്ച തിരകഥാകൃത്ത്:പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച

 


തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ് സംഭവിച്ചു. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ മികച്ച തിരക്കഥാകൃത്തിനെക്കുറിച്ചുള്ള വിവരത്തോടൊപ്പം നൽകിയത് കൊലക്കേസ് പ്രതിയുടെ ചിത്രമാണ്. എ പ്രഗ്നന്റ് വിഡോ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരമാണ്, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം ബുള്ളറ്റിനിൽ അച്ചടിച്ചുവന്നത്.

വിവരങ്ങൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ സംഭവിച്ച ജാഗ്രതക്കുറവാണ് പി.എസ്.സി.യെ വലിയ നാണക്കേടിലാക്കിയത്. സംഭവത്തിൽ പി.എസ്.സി. അധികൃതർ തെറ്റ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം പംക്തിയിലാണ് ഈ അബദ്ധം ഉണ്ടായത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള പൊതുവിജ്ഞാന കുറിപ്പിലായിരുന്നു ഈ ഫോട്ടോ മാറിക്കൊടുത്തത്. രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം ഫോട്ടോയ്ക്കായി ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ തില്ലങ്കേരി എന്ന പേര് കണ്ട് ആധികാരികത പരിശോധിക്കാതെ ആകാശ് തില്ലങ്കേരിയുടെ ചിത്രം ജീവനക്കാർ ഉൾപ്പെടുത്തുകയായിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷാ പരിശീലനത്തിനായി ആശ്രയിക്കുന്ന ഔദ്യോഗിക ഗൈഡിൽ നിന്നുണ്ടായ ഈ വീഴ്ച വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

മേയ് 15-ലെ ലക്കത്തിലാണ് ഈ പിഴവ് വന്നത്. എന്നാൽ ഇതിനുശേഷം ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ പുറത്തിറങ്ങിയിട്ടും ഈ തെറ്റ് തിരുത്താൻ പി.എസ്.സി. തയ്യാറായില്ലെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു. സമകാലിക വിവരങ്ങൾ പഠിക്കാൻ പൂർണ്ണമായി വിശ്വസിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കുന്നതിനെതിരെ ഉദ്യോഗാർത്ഥികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

 

വളരെ പുതിയ വളരെ പഴയ