പത്തനംതിട്ട: രാജ്യത്തെ മുൻനിര സംരംഭങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോകള്‍ പ്രചരിപ്പിച്ചു സംസ്ഥാനത്ത് വൻ ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പ്.
പത്തനംതിട്ട കുമ്പനാട് സ്വദേശികളായ രണ്ടുപേർക്ക് മാത്രമായി 1.02 കോടി രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. സംഭവത്തില്‍ പത്തനംതിട്ട സൈബർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കേന്ദ്രമന്ത്രിമാർ നിർദേശിക്കുന്ന മികച്ച സംരംഭങ്ങളില്‍ പണം നിക്ഷേപിച്ചാല്‍ തുക ഇരട്ടിയായി മടക്കിക്കിട്ടുമെന്ന വ്യാജ സോഷ്യല്‍ മീഡിയ പരസ്യങ്ങളാണ് തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നത്. പരസ്യത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരെ പ്രത്യേക അക്കൗണ്ടുകള്‍ ആരംഭിച്ച് പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി.
റിട്ട. ദമ്പതികള്‍ക്ക് നഷ്ടമായത് 87 ലക്ഷം; കണ്ടെത്തിയത് തമിഴ്‌നാട് പോലീസ്
ഉന്നത സർക്കാർ ജോലിയില്‍ നിന്നും വിരമിച്ച കുമ്പനാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് തട്ടിപ്പിലൂടെ 87 ലക്ഷം രൂപ നഷ്ടമായത്. പല തവണകളായി 44 ലക്ഷം രൂപയും, കഴിഞ്ഞ മാർച്ചില്‍ 43 ലക്ഷം രൂപയും ഇവർ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറി.
തമിഴ്‌നാട്ടില്‍ നടന്ന മറ്റൊരു ഓണ്‍ലൈൻ തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനിടയില്‍ ക്യു ബ്രാഞ്ച് പോലീസാണ് ഈ അക്കൗണ്ടിലേക്ക് കേരളത്തില്‍ നിന്ന് വൻതുക എത്തിയതായി കണ്ടെത്തിയത്.
തുടർന്ന് പോലീസ് വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ട വിവരം ദമ്പതികള്‍ പോലും അറിയുന്നത്.
15 ലക്ഷം നഷ്ടമായി; ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ രക്ഷപ്പെട്ടത് 50 ലക്ഷം
മറ്റൊരു സംഭവത്തില്‍ കുമ്പനാട് സ്വദേശികളായ പ്രായമായ ദമ്പതികള്‍ക്ക് (77, 66 വയസ്സ്) 15 ലക്ഷം രൂപ നഷ്ടമായി. തുടർന്ന് 50 ലക്ഷം രൂപ കൂടി തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെ പണം പിൻവലിക്കാൻ ദമ്പതികള്‍ ഫെഡറല്‍ ബാങ്കിന്റെ കുമ്പനാട് ശാഖയിലെത്തി.
വെല്ലൂർ മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇടപാട് നടത്താനായിരുന്നു തട്ടിപ്പുകാർ ഇവർക്ക് നല്‍കിയ നിർദേശം.
എന്നാല്‍ ഇടപാടില്‍ സംശയം തോന്നിയ ബാങ്ക് സീനിയർ മാനേജർ ജയ്മേരി എം. വർഗീസ് നടത്തിയ പരിശോധനയില്‍ പണം പോകേണ്ട അക്കൗണ്ടുകള്‍ രാജസ്ഥാനിലെ ഒരു ഡിജിറ്റല്‍ സ്റ്റുഡിയോയുടെയും സ്മോള്‍ ഫിനാൻസ് ബാങ്കിന്റെയുമാണെന്ന് കണ്ടെത്തി.
തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു രോഗിയില്ലെന്ന് വ്യക്തമാവുകയും ബാങ്ക് അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ബാങ്ക് ജീവനക്കാരുടെ ജാഗ്രതയാണ് ദമ്പതികള്‍ക്ക് കൂടുതല്‍ പണം നഷ്ടപ്പെടാതെ കാത്തത്.
ഇ.ഡി, സിബിഐ ഭീഷണി; തട്ടിപ്പ് സംഘം ഉത്തരേന്ത്യക്കാർ
പണം നിക്ഷേപിച്ചു കഴിയുന്നതോടെ ഇരകളെ ഭയപ്പെടുത്തുന്ന തന്ത്രമാണ് തട്ടിപ്പുകാർ പയറ്റുന്നത്. നിക്ഷേപത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ഇ.ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്നുണ്ടെന്നും, ഇത് ഒഴുവാക്കാൻ കൂടുതല്‍ പണം വേണമെന്നും ഇവർ ആവശ്യപ്പെടും. ഈ വിവരം വീട്ടുകാരോ ബാങ്കുകാരോ അറിയരുതെന്ന് കർശനമായി വിലക്കുകയും ചെയ്യും.
വലിയ തുകകള്‍ പിൻവലിക്കുമ്പോള്‍ ബാങ്കുകാർക്ക് സംശയം തോന്നാതിരിക്കാൻ 'ആശുപത്രി ശസ്ത്രക്രിയ', 'വീട് നിർമാണം' തുടങ്ങിയ കാരണങ്ങള്‍ പറയാനും തട്ടിപ്പുകാർ ഇരകളെ പഠിപ്പിച്ചിരുന്നു.
ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്ന ഉത്തരേന്ത്യൻ കേന്ദ്രീകൃത സംഘങ്ങളാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോയിപ്രം എസ്.ഐ ആർ. രാജീവ്, സൈബർ സ്റ്റേഷൻ എസ്.ഐ ആർ. നിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
