തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി.
ഇപ്പോഴും ജനമനസ്സുകളിൽ ഇടമുള്ള വ്യക്തിയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. കോടിയേരിയുടെ മരണ ശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി പറയുന്നു. നേതാക്കള്‍ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല.
കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും വിനോദിനി കോടിയേരി ആരോപിക്കുന്നു. നാല് വർഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും പറയുന്നു. 'പച്ചക്കുതിര' എന്ന മാസികയിലെ അഭിമുഖത്തിലാണ് വിനോദിനി കോടിയേരിയുടെ തുറന്ന് പറച്ചില്‍.
"സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാ ണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല.
സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻ പോലും ആർക്കും തോന്നാത്ത ഒരു കാലമായി ഇതു മാറിയോ? പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടി- ശുപാർശക്കൊന്നുമല്ല-പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയി രുന്ന കോടിയേരിയുടെ മരണം നടന്ന് നാലു വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്; കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്." എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
