സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി.
ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. 24 മണിക്കൂറിനുള്ളില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 7-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 8-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണം.
അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവർ റവന്യൂ, തദ്ദേശ സ്ഥാപന അധികൃതരുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കുകയും ആവശ്യമായാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കുകയും വേണം.
നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
ജലാശയങ്ങള്‍ക്ക് മുകളിലുള്ള പാലങ്ങളില്‍ കയറി കാഴ്ച കാണുന്നതും സെല്‍ഫി എടുക്കുന്നതും അപകടകരമാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മേല്‍ക്കൂര ഉറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങള്‍ കടപുഴകി വീഴുക, വൈദ്യുതി പോസ്റ്റുകള്‍ തകരുക തുടങ്ങിയ അപകടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങള്‍, ഡാമുകള്‍, ജലാശയങ്ങള്‍, മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ മാറ്റിവയ്ക്കുന്നതാണ് ഉചിതം.
ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്ന പ്രദേശങ്ങളിലൂടെയോ വെള്ളം കയറിയ റോഡുകളിലൂടെയോ വാഹനം ഓടിക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വ്യാപക മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അധികൃതർ അറിയിച്ചു.
കളക്ടർമാരുടെ പേജുകളില്‍ അവധി ചോദിച്ച് കമൻ്റുകള്‍
മഴ തുടരുന്ന സാഹചര്യത്തില്‍ കളക്ടമാരുടെ പേജുകളില്‍ മഴ അവധി ചോദിച്ചുള്ള കമൻ്റുകളുടെ പൂരം. മഴ കാരണം വീടിന് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ലെന്നും ഒരു അവധി തരുമോയെന്നുമൊക്കെയാണ് അഭ്യർത്ഥന.
മഴ അവധി നല്‍കാനുള്ള അധികാരം കളക്ടർമാർക്കാണ്. സാഹചര്യം അനുസരിച്ച് അതത് ജില്ലകളിലെ കളക്ടമാർ അവധി പ്രഖ്യാപിക്കാറുമുണ്ട്. എന്നാല്‍ നിലവില്‍ കളക്ടർമാർ ആരും അവധി പ്രഖ്യാപിച്ചിട്ടില്ല.
