തിരുവനന്തപുരം: സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു.
തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.
വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയില്‍ പരമ്പരാഗത രീതികള്‍ക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികവല്‍ക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്.
രാജ്യത്ത് കമ്പ്യൂട്ടർവല്‍ക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയ തലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി.
വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളില്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകള്‍ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി കൂടുതല്‍ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങള്‍, എൻഫോഴ്‌സ്‌മെന്റ് ടാബുകള്‍, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതില്‍ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.
സംസ്ഥാനത്തെ റോഡുകളില്‍ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതല്‍ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗണ്‍ടൈം കുറയ്ക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും സാധിക്കും.
പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകള്‍ക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും.
തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ബസ് സർവീസുകള്‍ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയില്‍ മൊബൈല്‍ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും.
ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
വരും ദിവസങ്ങളില്‍ എ എൻ പി ആർ (automatic number plate recognition) അധിഷ്ഠിത ഡാഷ് ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയല്‍ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.
പരിശീലനത്തിന് ശേഷം നിയമങ്ങള്‍, സാങ്കേതിക വിദ്യകള്‍, പൊതുസേവന രംഗത്തെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകള്‍ ഉദ്യോഗസ്ഥർ നിരന്തരമായി ഉള്‍ക്കൊള്ളണമെന്ന് മന്ത്രി നിർദേശിച്ചു. ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ അച്ചടക്കവും മര്യാദയും പുലർത്തണമെന്നും യൂണിഫോമിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡില്‍ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.
പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികള്‍ക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി ചടങ്ങില്‍ സമ്മാനിച്ചു.
ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണല്‍ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പല്‍ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പല്‍ എസ് അജയ് കുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
