Zygo-Ad

ലോകകപ്പ് ആവേശം; മൊറോക്കോയ്ക്കും അമേരിക്കയ്ക്കും തകർപ്പൻ വിജയങ്ങൾ

 


ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ മൊറോക്കോയ്ക്കും ആതിഥേയരായ അമേരിക്കയ്ക്കും തകർപ്പൻ വിജയങ്ങൾ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മൊറോക്കോ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തിയപ്പോൾ, മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അമേരിക്ക നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.

മൊറോക്കോയും സ്‌കോട്‌ലന്‍ഡും തമ്മിലുള്ള മത്സരത്തിൽ ഈ ലോകകപ്പിലെ ഏറ്റവും അതിവേഗ ഗോളാണ് പിറന്നത്. കളി തുടങ്ങി വെറും 71ാം സെക്കന്‍ഡില്‍ തന്നെ ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോയ്ക്കായി വിജയഗോൾ നേടിയത്. വലതു വിങ്ങില്‍ നിന്നു ബ്രഹിം ഡിയാസ് നൽകിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ സൈബാരി സ്കോട്ടിഷ് കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോ ഈ വിജയത്തോടെ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. അഷ്‌റഫ് ഹക്കീമിയും സൈബാരിയും അടങ്ങുന്ന നിര മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ഇരുപക്ഷത്തിനും കൂടുതൽ ഗോളുകൾ നേടാനായില്ല.

മറ്റൊരു മത്സരത്തിൽ ആതിഥേയരായ യുഎസ്എ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് നോക്കൗട്ട് ഉറപ്പാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ പൂർണ്ണ ആധിപത്യം പുലർത്തിയ യുഎസ്എ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം ആഘോഷിച്ചത്. ആദ്യ പകുതിയുടെ 11ാം മിനിറ്റിൽ യുഎസ് താരം ഫൊളാരിൻ ബലോഗന്റെ പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്‌ട്രേലിയൻ പ്രതിരോധ താരം കാമറോൺ ബർജസിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറി സെൽഫ് ഗോളായി മാറി. തുടർന്ന് 43ാം മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് അലക്‌സ് ഫ്രീമാൻ അമേരിക്കയുടെ രണ്ടാം ഗോളും നേടി. ആദ്യ മത്സരത്തിൽ പരാഗ്വെയെ തോൽപ്പിച്ച അമേരിക്കയ്ക്ക് ഈ വിജയം ഏറെ നിർണ്ണായകമായി.


 

വളരെ പുതിയ വളരെ പഴയ