ഇ-ചെല്ലാൻ’ പേരില്‍ വ്യാപകമായ സൈബർ തട്ടിപ്പാണ് കേരളത്തിലുടനീളം ഇപ്പോള്‍ നടക്കുന്നത്.
നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമ ലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകള്‍ക്ക് വാട്‌സ്‌ആപ്പിലും എസ്‌എംഎസ് വഴിയും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകള്‍ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇപ്പോഴിതാ കേരള മോട്ടോർ വാഹന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
എന്താണ് ഈ തട്ടിപ്പ് രീതി?
തട്ടിപ്പുകാർ അയക്കുന്ന മെസേജുകളില്‍ പിഴ അടയ്ക്കാനുള്ള ഒരു ലിങ്ക് ഉണ്ടാകും, അല്ലെങ്കില്‍ ഒരു ആപ്ലിക്കേഷൻ ഫയല്‍ (.apk file) ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടും.
ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോർത്തി പണം കവരുകയും ചെയ്യുന്നു.
സുരക്ഷിതരായിരിക്കാൻ ഇവ ശ്രദ്ധിക്കുക:
ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക: മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ ഇ-ചെല്ലാൻ പിഴകള്‍ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കുക.
വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വിശ്വസിക്കരുത്: ഗതാഗത വകുപ്പോ പോലീസോ ഒരിക്കലും വാട്‌സ്‌ആപ്പ് വഴി പിഴയടക്കാനുള്ള ഡയറക്‌ട് ലിങ്കുകളോ ഇൻസ്റ്റാള്‍ ചെയ്യാനുള്ള ഫയലുകളോ അയക്കാറില്ല. അപരിചിത ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്: പിഴയടക്കാൻ എന്ന പേരില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും പുറത്തുനിന്നുള്ള ആപ്പുകള്‍ (APK ഫയലുകള്‍) ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യരുത്.
ചതിക്കപ്പെട്ടാല്‍ എന്തുചെയ്യണം?
നിങ്ങള്‍ക്ക് ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുകയാണെങ്കില്‍ ഒട്ടും സമയം കളയാതെ ആദ്യത്തെ മണിക്കൂറില്‍ തന്നെ പ്രതികരിക്കുക:
1930 എന്ന സൈബർ ഹെല്‍പ്പ് ലൈൻ നമ്പറില്‍ ഉടനടി വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.
