ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നോഡൽ ഏജൻസിയായ സംസ്ഥാന ഐ ടി മിഷൻ അറിയിച്ചു. പുതിയ രജിസ്ട്രേഷൻ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ അല്ലെങ്കിൽ ഇമെയിൽ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത കേന്ദ്രങ്ങളിലും ലഭ്യമാണ്. കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ സെപ്റ്റംബർ വരെ സൗജന്യമായിരിക്കും.
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ എൻറോൾമെന്റ് സമയത്ത് വിരലടയാളവും കൃഷ്ണമണി രേഖയും ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഇവർക്ക് കാർഡ് നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഇതിനായി ഹാജരാക്കിയാൽ മതിയാകും. കുട്ടികൾക്ക് അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ച് മുതൽ പതിനേഴ് വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത പുതുക്കലാണ് സെപ്റ്റംബർ വരെ സൗജന്യമായി നൽകുന്നത്. ബയോമെട്രിക് പുതുക്കാത്ത കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്.
വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ ടി പി അത്യാവശ്യമാണ്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐ ഡിയും ആധാറിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണം. സ്കോളർഷിപ്പുകൾ, റേഷൻ കാർഡ്, സ്കൂൾ അല്ലെങ്കിൽ കോളേജ് അഡ്മിഷനുകൾ, മത്സര പരീക്ഷകൾ എന്നിവയ്ക്കൊക്കെ ഈ അപ്ഡേഷൻ അനിവാര്യമാണ്. എന്തെങ്കിലും പരാതികളോ സംശയങ്ങളോ ഉള്ളവർക്ക് 1800-4251-1800 അല്ലെങ്കിൽ 0471-2335523 എന്നീ നമ്പറുകളിലോ, ഐ ടി മിഷൻ ഹെൽപ് ഡെസ്ക് നമ്പറായ 0471-2525442 ലോ ബന്ധപ്പെടാവുന്നതാണ്.
