Zygo-Ad

കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ റഡാർ വിവരങ്ങൾ അനുസരിച്ച് എറണാകുളം ജില്ലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വടക്കൻ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതചുഴിയും അതുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തിയുമാണ് നിലവിൽ കാലവർഷം വീണ്ടും സജീവമാകാൻ കാരണമായത്. ജൂലൈ ആദ്യ വാരം വരെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഈ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

ജൂലൈ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ തുറസായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറേണ്ടതാണ്. ജനലുകളും വാതിലുകളും അടച്ചിടണമെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗം ഒഴിവാക്കാനും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ