Zygo-Ad

ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ; കരുത്തരായ ജർമനിയെ വീഴ്ത്തി പരാഗ്വെയും മുന്നോട്ട്

 


ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ വൻ അട്ടിമറികളും ആവേശപോരാട്ടങ്ങളും. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീലും, മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് പരാഗ്വെയും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.

ആദ്യ മത്സരത്തിൽ ഒപ്പത്തിനൊപ്പം പോരാടിയ ജപ്പാനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബ്രസീൽ കീഴടക്കിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ കയ്ഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. ഡാനിലോയുടെ പിഴവിൽ നിന്ന് പന്ത് സ്വീകരിച്ച് കസമിറോയെ വെട്ടിച്ച് ബോക്സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെയാണ് സാനോ ബ്രസീലിന്റെ വലകുലുക്കിയത്. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ ശക്തമായി തിരിച്ചുവന്നു. 56-ാം മിനിറ്റിൽ ഗബ്രിയേൽ മഗാൽഹേസ് നൽകിയ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെ കസമിറോ ബ്രസീലിന് സമനില സമ്മാനിച്ചു. തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങിയപ്പോൾ 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ നേടി. പ്രീ-ക്വാർട്ടറിൽ ഐവറികോസ്റ്റ് - നോർവെ മത്സരത്തിലെ വിജയികളാകും ബ്രസീലിന്റെ എതിരാളികൾ.

ബോസ്റ്റണിൽ നടന്ന മറ്റൊരു മത്സരത്തിൽ വൻ അട്ടിമറിയാണ് അരങ്ങേറിയത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി പുറത്തായി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയുടെ ഹെഡർ ഗോളിലൂടെ പരാഗ്വെയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 54-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിന്റെ ക്രോസിൽ നിന്ന് കായ് ഹാവേർട്സ് ജർമനിക്കായി സമനില ഗോൾ നേടി. ഷൂട്ടൗട്ടിലും സഡൻ ഡെത്തിലും നീണ്ട നാടകീയതയ്ക്കൊടുവിൽ ജർമനിയുടെ ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പരാഗ്വെ ലക്ഷ്യം കണ്ട് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.


വളരെ പുതിയ വളരെ പഴയ