Zygo-Ad

കേന്ദ്രസർക്കാരിന്റെ വിദേശകടത്തിൽ വൻ വർധനവ് എന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്

 


കേന്ദ്രസർക്കാരിന്റെ വിദേശകടത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശകടം 72.5 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻപത്തെക്കാൾ 2.48 ലക്ഷം കോടി രൂപയുടെ വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനവും വിദേശകടവും തമ്മിലുള്ള അനുപാതം 19.8 ശതമാനത്തിൽ നിന്നും 20.8 ശതമാനമായി വർധിച്ചു.

യുഎസ് ഡോളർ ശക്തിപ്രാപിച്ചതാണ് ഇന്ത്യയുടെ വിദേശകടം ഉയരാൻ ഇടയാക്കിയ പ്രധാന കാരണം. ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള ഇന്ത്യയുടെ വിദേശകടം 613.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇതിൽ 11.6 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. ഇന്ത്യയുടെ ആകെ വിദേശകടത്തിൽ ഭൂരിഭാഗവും ദീർഘകാല കടങ്ങളാണ്. ഹ്രസ്വകാല കടങ്ങൾ 19 ശതമാനം മാത്രമാണ് ഉള്ളത്.

വിദേശകടത്തിൽ വലിയൊരു പങ്ക് വായ്പകളാണ്. ഡെബ്റ്റ് സെക്യൂരിറ്റികളും കടം വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇന്ത്യയുടെ ആകെ കടം 214 ലക്ഷം കോടി രൂപയാണ്. ഇതിൽ വലിയൊരു പങ്കും ആഭ്യന്തര കടമാണ്. രാജ്യത്തെ ജിഡിപിയും ആകെ കടവും തമ്മിലുള്ള അനുപാതം 55 ശതമാനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് ആർബിഐ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

 

വളരെ പുതിയ വളരെ പഴയ