തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകുമെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവുമായി പുതിയ സർക്കാർ. വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് സ്ത്രീ സൗഹൃദപരമായ ഈ തീരുമാനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയെ അറിയിച്ചത്. ഇതോടൊപ്പം പൊതു-സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധി നൽകുമെന്നും കെഎസ്ആർടിസി ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ട് പോകുമെന്നും സുതാര്യവും ജനപക്ഷത്തുനിന്നുള്ളതുമായ ക്ലീൻ ഗവേണൻസ് ആണ് ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും യഥാർത്ഥ ചിത്രം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിൽ ആശങ്ക രേഖപ്പെടുത്തിയ സർക്കാർ, വിദ്യാർത്ഥികൾക്കായി പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ച് സമഗ്ര പദ്ധതി നടപ്പാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ തടയുകയും ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും. എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും പോലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും പ്രസംഗത്തിൽ പരാമർശമുണ്ട്.
കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലില്ലാതെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തും. അതേസമയം, ദേശീയഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണ് നയപ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ നയപ്രഖ്യാപനത്തിന് ഒടുവിൽ വന്ദേമാതരം ആലപിക്കുകയും ചെയ്തു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് വന്ദേമാതരം ആലപിക്കുന്നത്. ടൂറിസം നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കൽ, കൃഷി ലാഭകരമാക്കൽ, ജലനയം പരിഷ്കരിക്കൽ എന്നിവയും സർക്കാരിന്റെ പുതിയ നയങ്ങളിൽ ഉൾപ്പെടുന്നു.
