തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകരെയും ക്യാമറകളെയും കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ടിന് അകത്തേക്ക് കയറ്റി വിടരുതെന്ന് പൊലീസിന് കർശന നിർദേശമുണ്ട്. അതേസമയം ഔദ്യോഗിക വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും തടസ്സമില്ലാതെ അകത്തേക്ക് കടത്തിവിടുന്നുമുണ്ട്.
സിഎംആർഎൽ-എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മൗനം തുടരുന്നതിനിടയിലാണ് ഔദ്യോഗിക വസതിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.
വി ഡി സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപനമാണ് ഇന്ന് നിയമസഭയിൽ നടക്കുന്നത്. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തും. നിയമസഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്നാണ് സ്വീകരിക്കുക. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റിയിലെ വാഗ്ദാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതാണ് നയപ്രഖ്യാപന പ്രസംഗം. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയുണ്ട്.
