തിരുവനന്തപുരം: സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബിനീഷിന് അംഗത്വം തിരികെ ലഭിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകിയ പ്രത്യേക നിർദേശത്തെ തുടർന്നാണ് അംഗത്വം പുതുക്കി നൽകാനുള്ള നടപടികൾ വേഗത്തിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കി നൽകിയത്.
നേരത്തെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടതോടെയാണ് ബിനീഷ് കോടിയേരിയെ സി പി എം അംഗത്വത്തിൽ നിന്ന് ഒഴുവാക്കിയത്. കേസ് നടപടികൾക്ക് ശേഷം പാർട്ടിയിലേക്ക് മടങ്ങിവരാൻ ബിനീഷ് നാല് തവണ അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കി നൽകാൻ നേതൃത്വം തയ്യാറാകാതിരുന്നത് വലിയ രീതിയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ പാർട്ടിയിലെ ഉന്നതതല ഇടപെടലുകളെ തുടർന്നാണ് ബിനീഷിനെ വീണ്ടും പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചെടുക്കാൻ സി പി എം തീരുമാനിച്ചത്.
