Zygo-Ad

വന്ദേമാതരം വിവാദം; യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഗവർണറും സർക്കാരും തമ്മിൽ കല്ലുകടി, ക്ഷേമ പെൻഷനിലും വികസനത്തിലും വൻ പ്രഖ്യാപനങ്ങൾ

 


തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം പരസ്യമായി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ലോക് ഭവന്റെ നിർദേശം സർക്കാർ തള്ളിയതാണ് പുതിയ വിവാദത്തിന് കാരണമായത്. കേരള പൊലീസിന്റെ ബാൻഡ് സംഘം വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേമാതരം പൂർണ്ണമായി പാടണമെന്ന് രാജ്ഭവൻ കർശന നിർദേശം നൽകിയിരുന്നു. ഈ നിർദേശം മറികടന്നുള്ള സർക്കാരിന്റെ നീക്കത്തിൽ ഗവർണറുടെയും ലോക് ഭവന്റെയും തുടർനടപടികൾ എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

അതേസമയം വിവാദങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള വൻ പ്രഖ്യാപനങ്ങളാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായത്. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കുമെന്ന് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും, പുതിയ എക്സൈസ് നയം കൊണ്ടുവരും, എല്ലാ യാത്രാമാർഗ്ഗങ്ങളും ബന്ധിപ്പിച്ചുള്ള സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. പുതുയുഗ കേരളത്തിനായുള്ള പരിശ്രമങ്ങൾ നടത്തുമെന്നും ഭരണസംവിധാനത്തിൽ സുതാര്യതയും വേഗതയും ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. അഴിമതിരഹിത ഭരണം കാഴ്ചവെക്കാനും ഉദ്യോഗസ്ഥ തലത്തിൽ കാര്യക്ഷമത ഉറപ്പാക്കാനുമുള്ള നടപടികൾ ഉണ്ടാകും. മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുന്ന സർക്കാർ സേവന മേഖലകളിൽ നിന്ന് പിന്മാറില്ല. കേന്ദ്ര സർക്കാരുമായി പരമാവധി സഹകരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം. ന്യായമായ പിന്തുണ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതായും പ്രസംഗത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായി വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. മനുഷ്യ-മൃഗ സംഘർഷം രൂക്ഷമായ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. ശാസ്ത്രീയമായ മണ്ണ് പരിശോധനാ സംവിധാനവും സുഗന്ധവ്യഞ്ജന പാർക്കുകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും.

തിയേറ്റർ മേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) സംസ്ഥാനത്തിന്റെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. തീർത്ഥാടന ടൂറിസത്തിന് പ്രത്യേക ഊന്നൽ നൽകും. ഉന്നതവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ