തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച വിവിധ ഗ്യാരന്റികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾക്ക് ഊന്നൽ നൽകിയായിരിക്കും ഗവർണറുടെ പ്രസംഗം. രാവിലെ ഒൻപത് മണിക്ക് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും. സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കൽ, ക്ഷേമ പെൻഷൻ വർധനവ് എന്നിവയുൾപ്പെടെയുള്ള ഇന്ദിര ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനൊപ്പം സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുന്നതുൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങളും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്തതും പിന്നീട് റദ്ദാക്കിയതുമായ സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ റെയിൽവേ പദ്ധതികൾ ഉണ്ടാകുമോ എന്നതും കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കൂടാതെ ദേശീയപാത വികസനം വേഗത്തിൽ പൂർത്തിയാക്കൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനുള്ള നടപടികൾ എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ചേക്കും.
