തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയില്‍ റെയ്ഡ് നടക്കുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മുൻ സിപിഎം കോർപ്പറേഷൻ കൗണ്‍സിലർ ഐ പി ബിനു പിടിയില്‍.
തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ് ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയത്.
അന്വേഷണത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ബിനുവിൻ്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ പി ബിനു അടക്കമുള്ളവർ ഒളിവില്‍ പോയത്.
പിന്നാലെ പോലീസ് നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തമ്പാനൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. നിലവില്‍ പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിനു.
വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ആക്രമണത്തിന് കാരണക്കാരായ പ്രതികള്‍ എതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ 12 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പിടികൂടിയ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ഇതിനോടകം എട്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും അക്രമത്തിന് നേതൃത്വം നല്‍കിയ മുഖ്യ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം.
വഞ്ചിയൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കനത്ത പോലീസ് സുരക്ഷയിലാണ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ഇവരെ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്.
അവധി ദിവസമായ ഇന്ന് കോടതിയിലെത്തിയാണ് മജിസ്ട്രേറ്റ് പ്രതികളുടെ റിമാൻഡ് നടപടികള്‍ പൂർത്തിയാക്കിയത്. റിമാൻഡ് ചെയ്ത സാഹചര്യത്തില്‍ ഇവരെ പൂജപ്പുര ജയിലിലേക്ക് മാറ്റും. എആർ ക്യാമ്പില്‍ നിന്ന് പുറത്തേക്കിറക്കിയപ്പോഴും കോടതിയിലേക്ക് കയറുമ്പോഴും മറ്റ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികള്‍ക്കെതിരേ വധശ്രമം (ബിഎൻഎസ് 309), ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് ഇവർക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിലവില്‍ ആകെ എട്ടുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ആദ്യം അറസ്റ്റിലായ അഞ്ചു പേരെ കൂടാതെ, ഇന്ന് മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരാളെ കോട്ടയത്തു നിന്നും മറ്റു രണ്ടു പേരെ തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്.
മുഖ്യ പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തില്‍ ഇവരെ ഒളിവില്‍ പോകാൻ പോലീസ് സൗകര്യം ചെയ്തുകൊടുത്തു എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
ഇന്നലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ അവസരമുണ്ടായിട്ടും പോലീസ് അതിന് തയ്യാറായിലെന്നതാണ് വിമർശനം. നിലവില്‍ ഇവരുടെ വീടുകളിലടക്കം നാല്‍പ്പതോളം സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.
