Zygo-Ad

അടുപ്പിലെ കനലിൽ നിന്ന് കോടികളുടെ വ്യവസായത്തിലേക്ക്; ചിരട്ടയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റം

 


ഒരുകാലത്ത് അടുപ്പിൽ കത്തിക്കാനോ പറമ്പിലേക്ക് വലിച്ചെറിയാനോ മാത്രമായി കരുതിയിരുന്ന തേങ്ങാ ചിരട്ടയ്ക്ക് ഇന്ന് വിപണിയിൽ വൻ ആവശ്യകതയാണ് അനുഭവപ്പെടുന്നത്. പഴയ പത്രവും പ്ലാസ്റ്റിക്കും ശേഖരിക്കാൻ വീടുകളിലെത്തുന്ന പാഴ്‌വസ്തു വ്യാപാരികൾ ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത് ചിരട്ടയാണ്. മുമ്പ് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ മാത്രമുണ്ടായിരുന്ന ചിരട്ടയ്ക്ക് ഇപ്പോൾ വിപണിയിൽ 32 മുതൽ 35 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ചില പ്രദേശങ്ങളിൽ ഇതിലും ഉയർന്ന വിലയാണ് ഈ പാഴ്‌വസ്തുവിന് ലഭിക്കുന്നത്.

മഴ നനയാതെ ചിരട്ട ശേഖരിച്ച് സൂക്ഷിച്ചാൽ മാസാവസാനം നല്ലൊരു വരുമാനം നേടാനാകുമെന്നത് വീട്ടമ്മമാർക്കും വലിയ ആശ്വാസമാകുന്നുണ്ട്. കേരളത്തിലെ ചെറുകിട ശേഖരണക്കാരിൽ നിന്ന് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വ്യാപാരികളാണ് ചിരട്ട മൊത്തമായി വാങ്ങുന്നത്. ലോറികളിൽ കയറ്റി മറ്റ് സംസ്ഥാനങ്ങളിലെ കൂറ്റൻ ഫാക്ടറികളിൽ എത്തിക്കുന്ന ഈ ചിരട്ട അവിടെയെത്തുമ്പോൾ വിലപിടിപ്പുള്ള വ്യവസായ അസംസ്കൃത വസ്തുവായി മാറുകയാണ് ചെയ്യുന്നത്.

ചിരട്ടയിൽ നിന്ന് നിർമ്മിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ആക്ടിവേറ്റഡ് കാർബണിനാണ് ഇപ്പോൾ ആഗോള വിപണിയിൽ അടക്കം വൻ ആവശ്യകതയുള്ളത്. ജലശുദ്ധീകരണ ഫിൽറ്ററുകൾ, എയർ പ്യൂരിഫയർ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിനുപുറമേ കൊതുകുതിരി നിർമ്മാണം, പ്ലൈവുഡ് വ്യവസായം, ഹുക്ക കൽക്കരി, വിവിധ രാസവസ്തു ഫിൽറ്ററുകൾ തുടങ്ങിയ മേഖലകളിലും കേരളത്തിലെ ഗുണമേന്മയുള്ള ചിരട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്.

ഇനി തേങ്ങയുടയ്ക്കുമ്പോൾ ചിരട്ട അടുപ്പിലേക്കല്ല, ചാക്കിലേക്കാണ് പോകേണ്ടത് എന്ന രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമായിക്കഴിഞ്ഞു. എന്തായാലും ഒരുകാലത്ത് പാഴ്‌വസ്തുവായി തള്ളിക്കളഞ്ഞിരുന്ന ചിരട്ട ഇന്ന് സാധാരണക്കാർക്ക് ചെറിയൊരു അധിക വരുമാന മാർഗമായി മാറിക്കഴിഞ്ഞു.


വളരെ പുതിയ വളരെ പഴയ