Zygo-Ad

മലയാള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കം ഉപേക്ഷിച്ചു; എസ്‌എഫ്‌ഐ പ്രതിഷേധത്തെത്തുടർന്ന് അധികൃതർ ഉത്തരവ് പിൻവലിച്ചു

 


തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറി. ക്യാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം നിയന്ത്രിക്കാൻ കൊണ്ടുവന്ന ഉത്തരവിനെതിരെ എസ്‌എഫ്‌ഐ നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നടപടി. സർവകലാശാലകളിൽ വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശത്തിന്റെ മറപറ്റിയാണ് ക്യാമ്പസിൽ വിലക്ക് ഏർപ്പെടുത്താൻ അധികൃതർ ശ്രമിച്ചതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ എസ്‌എഫ്‌ഐ പ്രതിനിധികളുമായി സിൻഡിക്കേറ്റ് അംഗങ്ങൾ ചർച്ച നടത്തുകയും വിവാദ ഉത്തരവ് പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടം-നിയമവലി 2026 എന്ന പേരിൽ പുറത്തിറക്കിയ ഉത്തരവിലാണ് ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ അതിപ്രസരം എന്ന് വിശേഷിപ്പിച്ചത്. ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ കൂട്ടംകൂടുന്നതിനും മുദ്രാവാക്യം വിളിക്കുന്നതിനും വിലക്കുണ്ടായിരുന്നു. കൂടാതെ മുൻകൂട്ടി അറിയിക്കാതെ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്നും നിർദേശിച്ചിരുന്നു. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-സംഘടന സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണെന്ന് എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടി. ക്യാമ്പസുകളിൽ അരാഷ്ട്രീയത വളർത്തി അപരമത വിദ്വേഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഗവർണറുടെ നീക്കമെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും എസ്‌എഫ്‌ഐ നേതൃത്വം വ്യക്തമാക്കി. നേരത്തെ ഇടതുപക്ഷ സർക്കാർ ഇത്തരം നീക്കങ്ങളെ ശക്തമായി എതിർത്തിരുന്നുവെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് രാജ്ഭവൻ കാവിവൽക്കരണ നടപടികൾക്ക് വേഗം കൂട്ടിയതെന്നും എസ്‌എഫ്‌ഐ ആരോപിച്ചു.

ഉത്തരവിനെതിരെ എസ്‌എഫ്‌ഐ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞെങ്കിലും വിദ്യാർഥികൾ പിന്തിരിയാതെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സുജിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒടുവിൽ വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ അധികൃതർക്ക് വഴങ്ങേണ്ടി വരികയായിരുന്നു. 

വളരെ പുതിയ വളരെ പഴയ