Zygo-Ad

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ മരണം: ഗര്‍ഭിണിയായ സോനയ്ക്ക് പിന്നാലെ ഭര്‍ത്താവ് രജിന്‍ ലാലും മരണത്തിന് കീഴടങ്ങി


പേരാമ്പ്ര: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി സോന മരിച്ച സംഭവത്തില്‍, ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിന്‍ ലാലും മരണത്തിന് കീഴടങ്ങി.

കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ 65 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ചികിത്സയില്‍ കഴിയവെയാണ് രജിന്‍ ലാലിന്റെ മരണമുണ്ടായത്. ആരോഗ്യനില അതീവ ഗുരുതരമായിരുന്നതിനാല്‍ രജിന്‍ ലാലില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. 

വീട്ടിലേക്കുള്ള വഴിയില്‍ വെച്ച്‌ കാറിന്റെ പിന്നില്‍ നിന്ന് പെട്രോളിന്റെ മണം വരുന്നല്ലോ എന്ന് പറഞ്ഞ് താന്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും കാറില്‍ തീ പടര്‍ന്നിരുന്നു എന്നായിരുന്നു രജിന്‍ ലാലിന്റെ ആദ്യ മൊഴി. രജിന്‍ ലാലിന്റെ കൂടി മരണത്തോടെ വലിയ ദുരൂഹതകളും ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഈ കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്.

സംഭവത്തില്‍ രജിന്‍ ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

അതേ സമയം, സംഭവത്തില്‍ ഭര്‍ത്താവ് രജിന്‍ ലാലിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 

കേസില്‍ നിര്‍ണായക വഴിത്തിരിവായത് മരിച്ച സോന പെട്രോള്‍ പമ്പില്‍ നേരിട്ടെത്തി കാനില്‍ പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതാണ്. ഈ പെട്രോള്‍ ഒരു ബാഗിലാക്കിയാണ് സോന കാറിനുള്ളിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഈ പെട്രോള്‍ കാന്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 കാറിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നും, പെട്രോള്‍ ഉപയോഗിച്ച്‌ ആസൂത്രിതമായി ചെയ്തതാണെന്നും പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പുറത്തു വന്ന സോനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ശരീരത്തില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. 

കൂടാതെ കാറില്‍ നിന്ന് സോനയുടെ ഭാഗികമായി കത്തിയ ബാഗും കുപ്പിയുടെ അടപ്പും മേപ്പയ്യൂര്‍ പൊലീസ് കണ്ടെത്തിയിരുന്നു.

മകനെ ചതിച്ചെന്ന് രജിന്‍ലാലിന്റെ പിതാവ്

ഈ സംഭവത്തില്‍ കുടുംബ പ്രശ്‌നങ്ങളോ പീഡനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് രജിന്‍ ലാലിന്റെ പിതാവ് രാജന്‍ വ്യക്തമാക്കുന്നത്. സോനയെയും, രജിന്‍ ലാലിനെയും കുറിച്ച്‌ തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞ രാജന്‍, പമ്പില്‍ നിന്ന് സോന പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും, തന്റെ മകനെ ചതിക്കാന്‍ വേണ്ടിയാകാം അവള്‍ പെട്രോള്‍ വാങ്ങിയതെന്നുമാണ് ആരോപിക്കുന്നത്.

മറുവാദവുമായി സോനയുടെ കുടുംബം രംഗത്ത്

എന്നാല്‍ ഇതിന് വിരുദ്ധമായി ഇരുവരുടെയും മുന്‍കാല പ്രണയപ്പകയുടെയും ഭര്‍തൃവീട്ടിലെ ക്രൂരമായ അവഗണനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് സോനത്തിന്റെ കുടുംബം പുറത്തു വിടുന്നത്. സോനയുടെയും രജിന്‍ ലാലിന്റെയും വിവാഹത്തോട് രജിന്റെ കുടുംബത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2023-ല്‍ ആയിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. 

ഇവര്‍ പ്രണയിക്കുന്ന സമയത്ത് തന്നെ രജിന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോയിരുന്നു. ഇതിനിടെ രജിന്റെ കുടുംബം മറ്റൊരു യുവതിയുമായി അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ സോന അന്ന് റെയില്‍വേ ട്രാക്കില്‍ വെച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും റെയില്‍വേ പൊലീസ് അവളെ രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് രജിനെതിരെ സോന പരാതി നല്‍കുകയും ഇത് കേസാവുകയും ചെയ്തതോടെ രജിന്റെ ഗള്‍ഫിലേക്കുള്ള തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായി.

 ഇതോടെ കേസ് പിന്‍വലിക്കാന്‍ സോനയെ നിര്‍ബന്ധിച്ച്‌ രജിന്‍ വീണ്ടും അടുത്തു കൂടുകയായിരുന്നു. കേസ് പിന്‍വലിച്ചതോടെ ഇരുവരും കുടുംബങ്ങള്‍ അറിയാതെ ക്ഷേത്രത്തില്‍ വെച്ചും വിവാഹിതരായി. അച്ഛന്‍ മരിച്ചതോടെ അമ്മ വസന്ത കഷ്ടപ്പെട്ട് വളര്‍ത്തിയ സോനയുടെ

വിവാഹ ശേഷവും ദുരിത കാലമായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്തതോടെ സോനയുടെ കുടുംബവുമായുള്ള ബന്ധം രജിന്റെ വീട്ടുകാര്‍ വിലക്കിയിരുന്നു. 

പല ദിവസങ്ങളിലും മകള്‍ ഭര്‍തൃ വീട്ടില്‍ പട്ടിണിയായിരുന്നുവെന്നും, ഗര്‍ഭിണിയായ ശേഷമാണ് സോന സ്വന്തം വീട്ടുകാരുമായി വീണ്ടും അടുത്തതെന്നും കുടുംബം വ്യക്തമാക്കുന്നു. 

ഭര്‍തൃ വീട്ടില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അവഗണനകളും സോന ബന്ധുവായ പെണ്‍കുട്ടിയെ വിളിച്ച്‌ കരഞ്ഞു പറയാറുണ്ടായിരുന്നുവെന്ന് അമ്മാവന്‍ സത്യനും സാക്ഷ്യപ്പെടുത്തുന്നു.

സോന ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ?

മരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി ഏഴ് മണി വരെ സോന ഈ ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് വൈകിട്ട് ടൗണില്‍ പോകണമെന്ന് സോനം ആവശ്യപ്പെടുകയും, ബന്ധു വസ്ത്രം വാങ്ങാന്‍ കടയിലേക്ക് പോയപ്പോള്‍ അല്പനേരത്തേക്ക് സോനത്തെ കാണാതാവുകയും ചെയ്തു.

 പിന്നീട് ഫുട്പാത്തിലൂടെ നടന്നു വരുന്നതാണ് കണ്ടതെന്നുമാണ് മൊഴി. ഈ സമയത്താകാം സോന പമ്പില്‍ പോയി പെട്രോള്‍ വാങ്ങിയതെന്നാണ് കരുതുന്നത്. 

രജിന്‍ ലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇതറിഞ്ഞ സോനയുമായി വീട്ടില്‍ വലിയ രീതിയില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ മാനസിക വിഷമത്തില്‍ സോന കാറിനുള്ളില്‍ വെച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.

കൊലപാതകമെന്ന് സോനയുടെ കുടുംബം

എന്നാല്‍ സോന ഒരിക്കലും ജീവനൊടുക്കില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നുമാണ് സോനയുടെ കുടുംബം ആവര്‍ത്തിക്കുന്നത്.

 സോനത്തിന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ ഡിഎന്‍എ അടക്കം പരിശോധിക്കണമെന്ന് മരണത്തിന് മുന്‍പ് രജിന്‍ ആവശ്യപ്പെട്ടിരുന്നതായും സോനയുടെ കുടുംബം ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്. 

കാറിന്റെ പിന്‍സീറ്റിലാണ് സോനയുടെ മൃതദേഹമുണ്ടായിരുന്നത് എന്നതും തീപിടിത്തമുണ്ടായത് കാറിന്റെ പിറകില്‍ നിന്നാണെന്ന ഫോറന്‍സികിന്റെ കണ്ടെത്തലും കുടുംബത്തിന്റെ സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. വന്‍ സ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ കാറിന് അടുത്തേക്ക് എത്തിയത്. അപ്പോള്‍ കാറിന് പുറത്ത് സമീപമുള്ള തോട്ടിലായിരുന്നു രജിന്‍ ഉണ്ടായിരുന്നത്. 

തീ പൂര്‍ണ്ണമായും അണച്ച ശേഷമാണ് കാറിനകത്ത് സോനയുള്ള കാര്യം നാട്ടുകാരെ രജിന്‍ അറിയിക്കുന്നത് പോലും. ഇതെല്ലാം സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. കാര്‍ തീപിടിത്തത്തിന് പിന്നിലെ യഥാര്‍ത്ഥ സത്യം പുറത്തു കൊണ്ടുവരാന്‍ ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്.

വളരെ പുതിയ വളരെ പഴയ