ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയം.
കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സുലൂർ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ മാതാപിതാക്കളും അയൽക്കാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ട് കുടുംബം സുലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ, പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം 1.5 കിലോ മീറ്റർ പിന്നിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പാളയം എന്ന സ്ഥലത്തെ വലിയ ഒരു കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് കണ്ടത്.
പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പെണ്കുട്ടി ലൈംഗീകമായ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂർ ജില്ലാ പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില് കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ചിരുന്നു.
പുതിയതായി ചുമതലയേറ്റ ജില്ലാ പോലീസ് സൂപ്രണ്ട് എ. പവൻകുമാർ റെഡ്ഡി കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേ സമയം, ഇത്തരം സംഭവങ്ങള്‍ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. "കോയമ്പത്തൂരില്‍ ഇന്നലെ 10 വയസുകാരിക്ക് സംഭവിച്ച ഭയാനകമായ സംഭവം അത്യധികം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു.
ഇത്തരം മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഒരിക്കലും വച്ചു പൊറുപ്പിക്കാൻ കഴിയില്ല'.- അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുന്നതു വരെ മൃതദേഹം മോർച്ചറിയില്‍ നിന്ന് കൊണ്ടു പോകാൻ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടർന്നാണ് വിജയ് പ്രതികരിച്ചത്. "മുഖ്യമന്ത്രിയില്‍ നിന്ന് എന്തെങ്കിലും പ്രസ്താവന ലഭിക്കുന്നതു വരെ ഞങ്ങള്‍ മൃതദേഹം കൊണ്ടു പോകില്ല.
ഞങ്ങള്‍ മാറ്റത്തിന് വോട്ട് ചെയ്തു. ഇപ്പോള്‍, അദ്ദേഹം ഒരു പ്രസ്താവനയോ ഉറപ്പോ പോലും നല്‍കുന്നില്ല. പുതിയ സർക്കാരിനു ശേഷവും മാറ്റമുണ്ടാകില്ലെന്ന് ഇത് കാണിക്കുന്നു'.- മാതാപിതാക്കള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
