തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന അവഗണനക്കെതിരെയുള്ള സമീപനം നയപ്രഖ്യാപനത്തിൽ ഉണ്ടാകേണ്ടതായിരുന്നു. കേന്ദ്രത്തിൽ നിന്ന് ചോദിച്ചു വാങ്ങേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാം സർക്കാർ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ വിമർശിച്ചു.
അർഹതപ്പെട്ട കാര്യങ്ങളിൽ മൗനം പാലിക്കുന്നത് സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കാൻ ഇടയാക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള ബ്ലൂ പ്രിന്റിനെക്കുറിച്ചോ പ്രധാന പദ്ധതികളെക്കുറിച്ചോ നയപ്രഖ്യാപനത്തിൽ യാതൊരു സൂചനയുമില്ല. യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇതിൽ കാണുന്നത്. കിഫ്ബി, കുടുംബശ്രീ, പരമ്പരാഗത വ്യവസായം, പ്രവാസ മേഖല എന്നിവയെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്. അതിദാരിദ്ര്യ നിർമാർജനത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചോ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചോ പ്രസംഗത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് തെറ്റായ ആഖ്യാനം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക നില അപകടാവസ്ഥയിലാണെന്ന് വരുത്തിതീർക്കാനാണ് നീക്കം. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടം അഞ്ച് ശതമാനം കുറയുകയാണ് ചെയ്തത്. ഏത് സാമ്പത്തിക വെല്ലുവിളിയേയും ഏറ്റെടുക്കാൻ പാകത്തിലുള്ള മികച്ച ധന ക്രമീകരണത്തോടെയുള്ള ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയത്. സർക്കാരിന്റെ ധവളപത്രം പുറത്തുവരുമ്പോൾ ഇതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
