Zygo-Ad

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതി അഷ്കറിന്റെ ക്രൂരമായ ഭൂതകാലം വെളിപ്പെടുത്തി ആദ്യഭാര്യയുടെ കുടുംബം

 


തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്കറിനെതിരെ ക്രൂരമായ ഗാർഹിക പീഡനത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അഷ്കറിന്റെ മർദനം കാരണം ആദ്യഭാര്യ ആമിന ബോധം നഷ്ടപ്പെട്ട് ഒരു വർഷത്തിലധികം കാലം കോമ അവസ്ഥയിലായിരുന്നുവെന്ന് ആമിനയുടെ അമ്മ ഷജില ബീവി മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീട്ടുകാർ അറിയാതെ അഷ്കറിനൊപ്പം ഇറങ്ങിപ്പോയതിനാൽ താൻ അനുഭവിക്കുന്ന ക്രൂരതകൾ ആമിന തുടക്കത്തിൽ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ മകളുടെ നിലവിളി കേട്ട നാട്ടുകാരാണ് വിവരം കുടുംബത്തെ അറിയിച്ചത്.

ഭിത്തിയിലും ക്ലോസറ്റിലും തലയിടിപ്പിക്കുക, വിഷം കൊടുത്ത് കൊല്ലാൻ നോക്കുക, ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് ആമിനയ്ക്ക് നേരിടേണ്ടി വന്നത്. ഈ ക്രൂരതകൾക്കെല്ലാം അഷ്കറിന്റെ അമ്മയും സഹോദരിയും പൂർണ്ണ പിന്തുണ നൽകിയിരുന്നു. കടുത്ത മർദനത്തെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ട്യൂമർ ആയതിനെ തുടർന്ന് ആമിനയ്ക്ക് ഓപ്പറേഷൻ നടത്തേണ്ടി വരികയും സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആമിനയ്ക്ക് പത്ത് മാസം മുൻപാണ് ഓർമശക്തി ചെറുതായെങ്കിലും തിരികെ കിട്ടിയത്. പൂർണ്ണമായും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലായതിനാലാണ് ഇരുവരുടെയും ബന്ധം നിയമപരമായി വേർപെടുത്താൻ പോലും ഇതുവരെ സാധിക്കാത്തത്.

അഷ്കറിനെതിരെ നെടുമങ്ങാട് പൊലീസിലും വനിതാ കമ്മീഷനിലും ആറോളം തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ഷജില ബീവി ആരോപിക്കുന്നു. പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി അഷ്കറിനുള്ള വ്യക്തിപരമായ സൗഹൃദമാണ് നടപടികളിൽ നിന്നും ഇയാളെ രക്ഷിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, തന്റെ 16 വയസ്സുകാരനായ ഇളയമകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അമ്മ വെളിപ്പെടുത്തി. കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് അഷ്കർ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മകനെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വയസ്സുകാരന്റെ ദാരുണമായ കൊലപാതകത്തിന് പിന്നാലെയാണ് അഷ്കർ മുൻപും നടത്തിയിട്ടുള്ള സമാനതകളില്ലാത്ത ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവരുന്നത്.

 

വളരെ പുതിയ വളരെ പഴയ