Zygo-Ad

നിലത്ത് കിടത്തരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയല്ല; സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ അപ്പുറം എത്തുമ്പോള്‍ അറിയാമെന്ന് മന്ത്രി കെ മുരളീധരൻ

.


തിരുവനന്തപുരം: സിസ്റ്റത്തെ പഴിക്കാനാണെങ്കില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യമെന്താണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.

സിസ്റ്റത്തെ നന്നാക്കാനാണ് മന്ത്രിയും ഉദ്യോഗസ്ഥന്മാരുമെല്ലാം. ആരോഗ്യവകുപ്പ് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പാണെന്ന് മാത്രമല്ല, ചുറ്റും കണ്ണുകള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സദസ്സിലെ ഡോക്ടർമാർക്ക് ആരോടാണ് ആഭിമുഖ്യമെന്ന് തനിക്കറിയാമെന്ന് പറഞ്ഞാണ് മന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. 

സിസ്റ്റത്തോട് ചേർന്നു നില്‍ക്കുന്നവരെ താൻ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കി മാറ്റരുതെന്നും അദ്ദേഹം ജനകീയ മഹാ ശുചീകരണ പ്രവർത്തന യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജുകളില്‍ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇത് താൻ പറഞ്ഞപ്പോള്‍ രോഗികളെയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കാൻ വേണ്ടിയാണെന്ന് ചിലർ വിമർശിച്ചു.

 എന്നാല്‍‌ പിഎച്ച്‌സികള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള ആശുപത്രികള്‍ മുറിവ് തുന്നിക്കെട്ടുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും, ബാക്കിയെല്ലാം മെഡിക്കല്‍ കോളേജുകളിലേക്ക് വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്ഥിതി അവസാനിക്കണം. 

വക്കം പുരുഷോത്തമൻ മന്ത്രിയായിരുന്ന കാലത്താണ് മെഡിക്കല്‍ കോളേജുകളെ റഫറല്‍ ആശുപത്രികളാക്കി മാറ്റിയത്. ഇപ്പോള്‍ പനിയും തലവേദനയും വന്നാല്‍ പോലും നേരെ മെഡിക്കല്‍ കോളേജിലേക്ക് ജനങ്ങള്‍ വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ അപ്പുറം എത്തുമ്പോള്‍ തന്നെ ആശുപത്രി എത്തി എന്നറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി മാറണം.

സംസ്ഥാനത്ത് സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ മഹാ ശുചീകരണ പ്രവർത്തന യജ്ഞം 'തുടക്കം' എന്ന പേരില്‍ നടപ്പാക്കുകയാണ്. 

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ - കുടുംബക്ഷേമ - ദേവസ്വം മന്ത്രി കെ മുരളീധരൻ രാവിലെ 9 ന് മെഡിക്കല്‍ കോളേജ് ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നിർവഹിച്ചു. 

ആശുപത്രി ക്യാമ്പസിലേതടക്കം വെള്ളക്കെട്ട് ഒഴിവാക്കുക, കൊതുക് ജന്യരോഗങ്ങള്‍ നിയന്ത്രിക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ജനകീയ മഹാശുചീകരണ പ്രവർത്തന യജ്ഞം തുടക്കം കുറിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ആശുപത്രി, കോളേജ്, ഹോസ്റ്റല്‍, ക്വാർട്ടേഴ്സ്, ഓഫീസ് പരിസരങ്ങള്‍, ഡ്രയിനേജ് സംവിധാനങ്ങള്‍, മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സമഗ്ര ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തും.

വളരെ പുതിയ വളരെ പഴയ