Zygo-Ad

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, നിലപാട് അതിവേഗ റെയിൽ പദ്ധതി കേരളത്തിൽ വേണമെന്ന് തന്നെ: എം വി ഗോവിന്ദൻ


 തിരുവനന്തപുരം: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി വരണമെന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് സിപഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തങ്ങൾക്ക് നാളെ ഭരണമില്ലെങ്കിൽ പോലും നാടിന്റെ വികസനത്തിന് ആവശ്യമായ അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ എതിർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനവും വളർച്ചയും 25 വർഷം മുന്നിൽ കണ്ട് ഇടതുപക്ഷ സർക്കാർ ആസൂത്രണം ചെയ്ത വലിയ പദ്ധതിയായിരുന്നു കെ റെയിൽ. എന്നാൽ രാഷ്ട്രീയ വൈരാഗ്യം വെച്ച് യുഡിഎഫും ബിജെപിയും കേന്ദ്ര സർക്കാരും ചേർന്നാണ് ഈ സ്വപ്ന പദ്ധതി ഇല്ലാതാക്കിയത്. കെ റെയിൽ പദ്ധതി അട്ടിമറിച്ചതിൽ യുഡിഎഫ് നേതൃത്വം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് ഇപ്പോൾ അടിയന്തിരമായി വേണ്ടത് ഒരു അതിവേഗ റെയിൽ പാതയാണ്. അത് കെ റെയിൽ ആയാലും ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പദ്ധതി ആയാലും, അതല്ലെങ്കിൽ മറ്റേത് പദ്ധതി ആയാലും സിപിഎം അതിനെ പൂർണ്ണമായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന ഏത് അതിവേഗ യാത്രാ സംവിധാനത്തെയും നാടിന്റെ വികസനത്തിനായി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണമില്ലാത്ത സമയത്ത് വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന ശൈലി തങ്ങൾക്കില്ല. നാടിന് ഗുണകരമാകുന്ന ഏത് പദ്ധതി ആര് കൊണ്ടുവന്നാലും അതിനൊപ്പം നിൽക്കുമെന്നും, എന്നാൽ വികസന വിരുദ്ധ നിലപാടാണ് യുഡിഎഫ് എക്കാലത്തും സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

 

വളരെ പുതിയ വളരെ പഴയ