Zygo-Ad

രാജ്യത്ത് ഇത്തവണ കാലവർഷം ശരാശരിയിലും കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


 ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണത്തെ കാലവർഷം ശരാശരിയിലും കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിലും ഈ വർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴയേ കിട്ടാൻ സാധ്യതയുള്ളൂ. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴ കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴയിലുണ്ടാകുന്ന ഈ കുറവ് രാജ്യത്ത് കടുത്ത വരൾച്ചയ്ക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

സാധാരണ നിലയിൽ പെയ്തൊഴിയേണ്ട മഴയുടെ 92 ശതമാനമെങ്കിലും ലഭിച്ചാലേ അത് സാധാരണ അളവായി കണക്കാക്കൂ. എന്നാൽ ഇത്തവണ രാജ്യത്ത് 90 ശതമാനം മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ. മഴ കുറയുന്നത് കാർഷിക മേഖലയെയും രാജ്യത്തെ ജലവൈദ്യുത ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

അതേസമയം പ്രാദേശികമായി സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

ഇതിനു പുറമേ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

 

വളരെ പുതിയ വളരെ പഴയ