തിരുവനന്തപുരം: കേരളത്തിൽ പുതിയ അതിവേഗ റെയിൽ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന പതിനഞ്ച് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പദ്ധതിയുടെ കരട് റിപ്പോർട്ട് ഇ ശ്രീധരൻ കൈമാറി. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കകം സർക്കാരിന്റെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിയും പങ്കെടുത്തു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരം വെറും മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ട് സഞ്ചരിച്ചെത്താൻ സാധിക്കുന്ന ബദൽ റെയിൽ പാതയാണ് ഇ ശ്രീധരൻ മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ വിഭാവനം. പാതയുടെ 70 ശതമാനത്തോളം ഭാഗം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭാഗം ഭൂഗർഭ പാതയായും നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ഇതിലൂടെ ട്രെയിനുകൾ സർവീസ് നടത്തുക. 86000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതിയുടെ ഏകദേശ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ ശ്രീധരൻ നേരത്തെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സംസ്ഥാന സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, ഈ പുതിയ അതിവേഗ റെയിൽ പദ്ധതിയോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകമാകും. സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂലമായ മറുപടി ലഭിക്കുകയാണെങ്കിൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി സഹകരിച്ച് പദ്ധതിയുടെ തുടർനടപടികളിലേക്ക് കടക്കാനാണ് ഇ ശ്രീധരന്റെ തീരുമാനം.
