Zygo-Ad

എബോള വ്യാപനത്തിന് പുറമേ ഭീതി വിതച്ച്‌ എബോളയുടെ അപൂര്‍വ വകഭേദം; കേരളത്തിലും മുൻകരുതല്‍; മെഡിക്കല്‍ കോളേജുകള്‍ സജ്ജം


ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള പടരുന്നത് നിലവില്‍ കേരളത്തിന് ഭീഷണിയല്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി എല്ലാ ആശുപത്രികളും സജ്ജമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിർദേശം നല്‍കി. രോഗ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ ദ്രുതകർമസേനയെ (ആർ.ആർ.ടി.) സജ്ജമാക്കും.

 തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ഐസൊലേഷൻ വാർഡുകള്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കോവിഡ് കാലത്ത് ഒരുക്കിയ എല്ലാ സുരക്ഷാസൗകര്യങ്ങളും എബോള പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അപൂർവ വകഭേദമായ ‘ബൂൻഡിബുഗ്യോ’

നിലവില്‍ പടരുന്ന ബൂൻഡിബുഗ്യോ (Bundibugyo) വകഭേദത്തിന് പ്രത്യേക ചികിത്സയോ വാക്സിനോ നിലവിലില്ല എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളില്‍ ഒന്നാണിത്. 

സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോണ്‍, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങള്‍. മുൻപ് 2014-2016 കാലഘട്ടത്തില്‍ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തില്‍ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 

1976-ല്‍ എബോള കണ്ടെത്തിയ ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു അത്. കോംഗോയില്‍ റിപ്പോർട്ട് ചെയ്യുന്ന 17-ാമത്തെ എബോള വ്യാപനമാണിത്. 2018-2020 കാലഘട്ടത്തില്‍ ഇവിടെ വൈറസ് ബാധിച്ച 2,300 പേർ മരിച്ചിരുന്നു.

രോഗ വ്യാപനവും ലക്ഷണങ്ങളും

രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയാണ് എബോള പകരുന്നത്. കുരങ്ങുകള്‍, മാനുകള്‍, മുള്ളൻപന്നികള്‍ തുടങ്ങിയ മൃഗങ്ങളിലും ഈ രോഗം കാണപ്പെടുന്നുണ്ട്. ഇവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്ക് പകരാം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ 2 മുതല്‍ 21 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരമാകുന്ന സാഹചര്യത്തില്‍ 5 മുതല്‍ 7 ദിവസത്തിനകം ശരീരത്തിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും കരള്‍, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യാം. മുൻപ് പോഷകാഹാരക്കുറവ്, കരള്‍രോഗം, മദ്യപാനം എന്നിവയുള്ളവരിലും എൻഎസ്‌എഐഡി (NSAID) വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും രോഗാവസ്ഥ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.

പ്രതിരോധ മാർഗങ്ങള്‍

എബോള വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരില്ലാത്തതിനാല്‍ ശരിയായ മുൻകരുതലുകളിലൂടെ രോഗത്തെ പൂർണ്ണമായി തടയാൻ കഴിയും. മാംസാഹാരം പൂർണ്ണമായും വേവിച്ച്‌ മാത്രം കഴിക്കുക, രോഗബാധിതരുടെ സ്രവങ്ങളുമായി സമ്പർക്കത്തില്‍ വരാതിരിക്കുക, രോഗബാധ സംശയിക്കുന്നവരെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങള്‍.

വളരെ പുതിയ വളരെ പഴയ