തിരുവനന്തപുരം: കേരളത്തിൽ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ തീർപ്പാക്കാനുള്ള ആംനസ്റ്റി സ്കീമിന്റെ കാലാവധി ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചാർജ് ചെയ്ത ഇ-ചെല്ലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വാഹന ഉടമകൾക്ക് services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകി പിഴ അടക്കാവുന്നതാണ്. ഇ-ചെല്ലാൻ കേസുകൾ വർദ്ധിക്കുന്നതും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതും ഒഴിവാക്കാനാണ് ഗതാഗത കമ്മീഷണറുടെ ശുപാർശപ്രകാരം സർക്കാർ ഇളവ് അനുവദിച്ചത്. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം ചെല്ലാനുകൾ നിലവിലുള്ളതും ഉയർന്ന പിഴ തുക കാരണം ഉടമകൾ പണമടക്കാൻ വൈകുന്നതും പരിഗണിച്ചാണ് ഈ നടപടി.
