കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട് ഇടുക്കി എന്നീ ജില്ലകൾ ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയും വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വലിയ അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം കൊല്ലം പാലക്കാട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
